2010 ജനുവരി 17, ഞായറാഴ്‌ച

യുക്തിവാതികളും ഇസ്ലാമും





മനുഷ്യന്റെ ജീവിതവ്യവസ്ഥ മനുഷ്യനല്ലേ നിര്‍മിക്കേണ്ടത്?
"എന്തിനെക്കുറിച്ച് പറയുമ്പോഴും പരലോകത്തെപ്പറ്റി സംസാരിക്കുന്ന മതത്തിന് എങ്ങനെയാണ് ഭൂമിയില്‍ നീതിയും നന്മയും സ്ഥാപിക്കാന്‍ സാധിക്കുക? ഇവിടെ ജീവിക്കുന്ന മനുഷ്യന്റെ കാര്യം നോക്കേണ്ടത് അവന്‍ തന്നെയല്ലേ?''





ഇത് ചില മൌലിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. സത്യം, അസത്യം, നീതി, അനീതി, ന്യായം, അന്യായം, ക്രമം, അക്രമം, നന്മ, തിന്മ, ശരി, തെറ്റ്, ധര്‍മം, അധര്‍മം പോലുള്ളവ എന്താണ്? ആരാണ് അവ നിശ്ചയിക്കേണ്ടത്? മനുഷ്യരാണോ? ആണെങ്കില്‍ അവരിലാരാണ്? ഓരോരുത്തരുമാണോ? എങ്കില്‍ അറുനൂറു കോടി മനുഷ്യരുടേതും വ്യത്യസ്തങ്ങളും പരസ്പര വിരുദ്ധങ്ങളുമാവില്ലേ? ഓരോരുത്തരും തങ്ങള്‍ക്കു തോന്നിയ പോലെ താന്തോന്നികളായി ജീവിക്കണമെന്നല്ലേ അതിനര്‍ഥം? സമൂഹമാണോ അത് തീരുമാനിക്കേണ്ടത്? എങ്കില്‍ സമൂഹത്തില്‍ ആരാണ്? ഭൂരിപക്ഷമാണോ? അങ്ങനെയെങ്കില്‍ ഭൂരിപക്ഷം മതവിശ്വാസികളായതിനാല്‍ അവരല്ലേ അത് നിശ്ചയിക്കേണ്ടത്? അഥവാ, മഹാഭൂരിപക്ഷം അന്ധവിശ്വാസികളാണെങ്കില്‍ അവരും? ഭരണാധികാരികളാണോ തീരുമാനിക്കേണ്ടത്? എങ്കില്‍ ഏകാധിപത്യ, സര്‍വാധിപത്യ, സ്വേഛാധിപത്യ, രാജാധിപത്യ വ്യവസ്ഥയില്‍ അധികാരം കൈയാളുന്നവരുടെ ഇഛകളും താല്‍പര്യങ്ങളുമല്ലേ സത്യത്തിന്റെയും നീതിയുടെയും രൂപമണിയുക? ജനാധിപത്യ ഭരണകൂടമാണെങ്കില്‍ ഭൂരിപക്ഷത്തിന്റെ പ്രതിനിധികളുടെ താല്‍പര്യവും മുതലാളിത്ത വ്യവസ്ഥയിലെ സത്യവും നീതിയും ന്യായവും നന്മയും തന്നെയായിരിക്കുമോ സോഷ്യലിസ്റ് വ്യവസ്ഥയിലേതും?
ഭൌതിക ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും പറയുന്നപോലെ സാമൂഹിക സാഹചര്യങ്ങളുടെയും സാമ്പത്തിക ഘടനയുടെയും സൃഷ്ടിയാണ് മൂല്യങ്ങളെങ്കില്‍ ആ വിധമുള്ള മൂല്യങ്ങള്‍ എന്തുതന്നെയായാലും അവ അംഗീകരിക്കാന്‍ ഏവരും ബാധ്യസ്ഥരാവുകയില്ലേ? സാമൂഹികാവസ്ഥയുടെയും സാമ്പത്തിക വ്യവസ്ഥയുടെയും അനിവാര്യതയായി വന്നുചേരുന്നവ എന്തൊക്കെയായാലും അവയെ സഹിക്കുകയല്ലാതെ നിര്‍വാഹമില്ലെന്ന് വരില്ലേ? പിന്നെ അവയ്ക്കെതിരെ പരാതി പറയുന്നതില്‍ അര്‍ഥമുണ്േടാ?
മൂല്യങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം മനുഷ്യന്നാണെന്ന് അംഗീകരിക്കുകയാണെങ്കില്‍ അതില്‍ വൈയക്തികവും കുടുംബപരവും ജാതീയവും ദേശീയവും പ്രാദേശികവും മറ്റുമായ താല്‍പര്യങ്ങള്‍ പ്രകടമാവുക സ്വാഭാവികവും അനിവാര്യവുമത്രെ. അതിനാല്‍ എല്ലാ കാലത്തെയും പ്രദേശത്തെയും മുഴുവന്‍ മനുഷ്യരെയും ഒരുപോലെ കാണാന്‍ കഴിയുന്ന എല്ലാവരുടെയും സ്രഷ്ടാവായ ദൈവത്തിനു മാത്രമേ യഥാര്‍ഥമായ നീതിയും അനീതിയും നന്മയും തിന്മയും തെറ്റും ശരിയും ധര്‍മവും അധര്‍മവും ന്യായവും അന്യായവും നിശ്ചയിക്കാന്‍ സാധിക്കുകയുള്ളൂ. ഇസ്ലാം മനുഷ്യരാശിയുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന ദൈവപ്രോക്തമായ മൂല്യങ്ങള്‍ എല്ലാവരോടും ഒരേപോലെ നീതി ചെയ്യുന്ന സാര്‍വജനീനവും കാലാതീതവുമാവാനുള്ള കാരണവും അതുതന്നെ.
പിന്നെ, ഭൂമിയില്‍ ആര്‍ എത്ര ശ്രമിച്ചാലും നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കുക സാധ്യമല്ലാത്തതിനാലാണ് അത് സാധ്യമാവുന്ന പരലോകം അനിവാര്യമാകുന്നത്. ഒരാളെ വധിച്ചാല്‍ നീതി നടത്തുമ്പോള്‍ പരമാവധി സാധ്യമാവുക കൊലയാളിയെ വധിക്കലാണല്ലോ. അങ്ങനെ ഘാതകന്റെ കഥ കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ടവന്റെ വിധവയ്ക്ക് ഭര്‍ത്താവിനെയും അനാഥരാവുന്ന മക്കള്‍ക്ക് പിതാവിനെയും തിരിച്ചുകിട്ടുകയില്ലല്ലോ. വധിക്കപ്പെട്ടവന്‍ ഇരുപതുകാരിയുടെ ഭര്‍ത്താവും നാലു മക്കളുടെ പിതാവും കൊലയാളി മുപ്പത്തഞ്ചുകാരിയുടെ ഭര്‍ത്താവും രണ്ടു മക്കളുള്ളവനുമാണെങ്കില്‍ ഇരുപതുകാരി, വിധവയും നാലു മക്കള്‍ അനാഥരുമാകുന്നതിനുപകരം മുപ്പത്തഞ്ചുകാരി വിധവയും രണ്ടു മക്കള്‍ അനാഥരുമാകുന്നത് ഒരിക്കലും നീതിയാവുകയില്ല. അതിനാല്‍ ഭൂമിയിലെ ശിക്ഷാ നിയമങ്ങള്‍ ഇവിടെ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമാണ്. നിഷ്കൃഷ്ടവും കണിശവുമായ നീതി ഇവിടെ സാധ്യമല്ല. അത് മരണശേഷം മറുലോകത്താണ്.
ഇവിടെ മന്ദബുദ്ധികളും പ്രതിഭാശാലികളും രോഗികളും ആരോഗ്യവാന്മാരും വികലാംഗരും പൂര്‍ണകായരും ശക്തരും ദുര്‍ബലരും പണക്കാരും പാവങ്ങളുമെല്ലാമുണ്ട്. മരണത്തോടെ ജീവിതം അവസാനിക്കുമെങ്കില്‍ ഈ ഘടന തീര്‍ത്തും അനീതിപരവും അതിക്രമവും അന്യായവുമത്രെ. ഓരോരുത്തര്‍ക്കും നല്‍കപ്പെട്ട കഴിവും സാധ്യതയുമനുസരിച്ച് ബാധ്യതകള്‍ നിശ്ചയിക്കപ്പെടുകയും അവയുടെ പൂര്‍ത്തീകരണ- ലംഘനമനുസരിച്ച് മരണശേഷം രക്ഷാ-ശിക്ഷകളനുഭവിക്കുകയുമാണെങ്കില്‍ മാത്രമേ ഇത് നീതിയും ന്യായവുമാവുകയുള്ളൂ. ദൈവം മരണാനന്തര ജീവിതവും ഇവിടത്തെ കര്‍മമനുസരിച്ച് അവിടെ രക്ഷാശിക്ഷകളും നിശ്ചയിക്കാനുള്ള കാരണവും അതുതന്നെ.
ഹ്രസ്വജീവിതത്തിന് ശാശ്വത രക്ഷാശിക്ഷകളോ?
"ഇവിടത്തെ അറുപതോ എഴുപതോ കൊല്ലത്തെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശാശ്വതമായ രക്ഷയോ ശിക്ഷയോ നല്‍കുന്നത് നീതിയാണോ? ദൈവം തീരെ നീതിമാനല്ലെന്നല്ലേ ഇതു തന്നെ തെളിയിക്കുന്നത്?''
കര്‍മങ്ങളുടെ സമയവും അവയുടെ ഫലവും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരാളെ കൊല്ലാന്‍ ഏതാനും നിമിഷം മതി. അതിന്റെ ഫലമോ? അതിദീര്‍ഘവും അത്യന്തം ഗുരുതരവും. ഒരു ബോംബ് വര്‍ഷിക്കാന്‍ ഒരു നിമിഷം മതി. അതിന്റെ പ്രത്യാഘാതമോ? ലക്ഷങ്ങളെയോ കോടികളെയോ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ നീണ്ടുനില്‍ക്കുംവിധം ബാധിക്കുന്നു. ഇന്റര്‍വ്യൂ വേളയിലെ ചോദ്യത്തിനും ഉത്തരത്തിനും നിമിഷങ്ങളേ ആവശ്യമുള്ളൂ. അതേസമയം അതിന്റെ ഫലം ജീവിതാവസാനം വരെ തുടരുന്നു. പരീക്ഷയുടെയും അതിന്റെ ഫലത്തിന്റെയും സ്ഥിതിയും ഇതുതന്നെ.
ഒരാളുടെ ജീവിതാന്ത്യത്തോടെ അയാളുടെ കര്‍മഫലങ്ങള്‍ ഭൂമിയില്‍തന്നെ തീരുകയില്ല. ഒരാള്‍ ഉന്നത വിദ്യാലയം സ്ഥാപിക്കുകയാണെങ്കില്‍ അതിന്റെ സദ്ഫലം ആ സ്ഥാപനം നിലനില്‍ക്കുവോളം തുടരുന്നു. അവിടെനിന്ന് പഠിക്കുന്നവര്‍ ആരൊക്കെയാണോ അവര്‍ക്കും അവരില്‍നിന്ന് പഠിക്കുന്നവര്‍ക്കും പിന്നീട് അവരില്‍നിന്ന് പഠിക്കുന്നവര്‍ക്കും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും പേര്‍ക്ക് ലഭിക്കുന്ന നന്മയുടെയും നേട്ടത്തിന്റെയും സദ്ഫലം വിദ്യാലയം സ്ഥാപിച്ച വ്യക്തിക്ക് ലഭിക്കുന്നു. ഒരു തിന്മ ആരെയെല്ലാം സ്വാധീനിക്കുന്നുവോ അവരുടെയും അവരിലൂടെ സ്വാധീനിക്കപ്പെടുന്നവരിലൂടെയും പിന്നീട് സ്വാധീനിക്കപ്പെട്ടവരാല്‍ സ്വാധീനിക്കപ്പെടുന്നവരുടെയുമെല്ലാം തിന്മകളുടെ ദുഷ്ഫലവും തുടക്കക്കാരനിലേക്ക് ചെന്നെത്തുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചത് ചുരുങ്ങിയ സമയംകൊണ്ടാണ്. അത് സൃഷ്ടിച്ച ദുരന്തമോ? ഇന്നും അവിരാമം തുടരുന്നു.
കാലദൈര്‍ഘ്യമോ ആയുസിന്റെ നീളമോ നല്ലവനെ കൊള്ളരുതാത്തവനോ നീചനെ ഉല്‍കൃഷ്ടനോ ആക്കുകയില്ല. അതിനാല്‍ കര്‍മങ്ങള്‍ക്കെടുക്കുന്ന സമയവും കര്‍മഫലവും തമ്മില്‍ ഒരു ബന്ധവുമില്ല. മനുഷ്യന്‍ മരിച്ചാലും അവന്റെ കര്‍മഫലം അവിരാമം തുടരും. കര്‍മം നന്മയാണെങ്കില്‍ സദ്ഫലവും, തിന്മയാണെങ്കില്‍ ദുഷ്ഫലവും. അതുകൊണ്ടുതന്നെ ആരുടെ കര്‍മഫലവും അവരുടെ ജീവിതകാലത്ത് തിട്ടപ്പെടുത്തുക സാധ്യമല്ല. വിചാരണയും വിധിയും രക്ഷാശിക്ഷകളും ഭൂമിയില്‍വച്ച് സംഭവിക്കാതിരിക്കാനുള്ള കാരണവും അതുതന്നെ. അപ്പോള്‍ പരലോകത്തിലെ ശാശ്വതമായ രക്ഷാശിക്ഷകള്‍ക്ക് ഭൂമിയിലെ ജീവിതകാലം തന്നെ ധാരാളം.
പിന്നെ ദൈവനിശ്ചയവും അവന്റെ തീരുമാനങ്ങളുടെ യുക്തിയും ന്യായവും നീതിയുമൊക്കെ അവന്‍ വിശദീകരിച്ചുതരാതെ നമുക്ക് മനസ്സിലാകണമെങ്കില്‍ നാം ദൈവത്തെപ്പോലെയോ അവനേക്കാള്‍ കഴിവുറ്റവരോ ആകണമല്ലോ. സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവത്തിന്റെ കര്‍മങ്ങള്‍ എന്തുകൊണ്ട് അങ്ങനെയായി എന്ന് അവന്‍ നല്‍കിയ അല്‍പജ്ഞാനവും യുക്തിയുംകൊണ്ട് നമുക്ക് മനസ്സിലാവണമെന്നില്ല. നമ്മുടെ വൈജ്ഞാനികരംഗം എത്രയൊക്കെ വളരുകയും വികസിക്കുകയും ചെയ്തിട്ടുണ്െടങ്കിലും അറുനൂറു കോടി മനുഷ്യര്‍ക്ക് അറിവും ബോധവും യുക്തിയും നല്‍കിയ ദൈവത്തിന്റെ അറിവിനെ അപേക്ഷിച്ച് അത് ഇന്നും തീര്‍ത്തും അഗണ്യമത്രെ. അതുപയോഗിച്ച് സ്രഷ്ടാവിന്റെ സൃഷ്ടിയിലെ ന്യായവും നീതിയും തേടുന്നത് നിരര്‍ഥകമാണ്. പ്രതിഭാശാലികളുടെ കര്‍മങ്ങളുടെ യുക്തിയും ന്യായവും സാമാന്യ ബുദ്ധികള്‍ക്ക് മനസ്സിലാവുകയില്ലല്ലോ; സാമാന്യബുദ്ധികളുടേത് മന്ദബുദ്ധികള്‍ക്കും.
അവയവദാനം: ഇസ്ലാമിക കാഴ്ചപ്പാട്
"ഇസ്ലാം അവയവ ദാനത്തെ അനുകൂലിക്കാതിരിക്കാന്‍ കാരണമെന്താണ്? ദൈവത്തിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തലായതിനാലാണോ?''
അവയവ ദാനത്തെ ഇസ്ലാം അനുകൂലിക്കുന്നില്ലെന്ന ധാരണ ശരിയല്ല. ജീവിച്ചിരിക്കെ വൃക്കപോലെ ഒന്നിലധികമുള്ളതും ഒന്നു ദാനം ചെയ്താലും ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതുമായ അവയവം ദാനം ചെയ്യുന്നതിനെ ഇസ്ലാം ഒരു നിലക്കും വിലക്കുന്നില്ല. അപ്രകാരം തന്നെ മരണപ്പെട്ട ആളുടെ അവയവം ജീവിച്ചിരിക്കുന്നവര്‍ക്ക് ആവശ്യമായി വരികയാണെങ്കില്‍ അനന്തരാവകാശികളുടെ അനുവാദത്തോടെ മാറ്റിവയ്ക്കുന്നതിനെയും ഇസ്ലാം വിലക്കുന്നില്ല. രണ്ടും വൈദ്യശാസ്ത്രത്തിന്റെ നൂതന സിദ്ധികളെന്ന നിലയില്‍ അവയെ പഠനവിധേയമാക്കിയ ആധുനിക ഇസ്ലാമിക പണ്ഡിതന്മാര്‍ അനുകൂലിക്കുകയാണുണ്ടായത്. അവയവങ്ങള്‍ വില്‍ക്കുന്നതിനെയും അനന്തരാവകാശികളുടെ അനുവാദമില്ലാതെ മൃതശരീരത്തിലെ അവയവങ്ങളെടുക്കുന്നതിനെയുമാണ് ഇസ്ലാം വിലക്കുന്നത്. ഇസ്ലാമിനെപ്പോലെത്തന്നെ ആധുനിക ലോകത്തെ എല്ലാ രാജ്യത്തും ഇതു രണ്ടും നിയമവിരുദ്ധമാണ്.












അഭിപ്രായങ്ങളൊന്നുമില്ല: