2010 ജൂൺ 5, ശനിയാഴ്ച
2010 മേയ് 31, തിങ്കളാഴ്ച
ജമാഅത്തെ ഇസ്ലാമി ഹിന്ദ്
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേവലമായ മതസംഘടനയോ രാഷ്ട്രീയ സംഘടനയോ അല്ല. മറിച്ച് ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണെന്ന് പിറവി തൊട്ടേ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. നമ്മുടെ സാമ്പ്രദായിക മതസംഘടനകള്‍ നൂറ് ശതമാനം അതിനോട് വിയോജിച്ചാലും തങ്ങളുടേതു പോലെയുള്ള കേവല മതസംഘടനയായി അവരതിനെ കാണരുതല്ലോ. വിമര്‍ശനങ്ങളിലൊക്കെ ജമാഅത്തിനെ മതരാഷ്ട്രവാദികളായിട്ടാണ് അവര്‍ കുറ്റപ്പെടുത്താറുള്ളതും. എങ്കില്‍ ജമാഅത്ത് രാഷ്ട്രീയം പറയുന്നതിലോ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലോ അവര്‍ അസാംഗത്യമോ അനൌചിത്യമോ കാണരുത്. ആശയതലത്തില്‍ പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ് എത്ര രൂക്ഷമായി പ്രകടിപ്പിച്ചാലും ജമാഅത്ത് അതിന്റെ ജനിതക സ്വഭാവമനുസരിച്ച് രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും സജീവമായി ഇടപെടുന്നു എന്നുള്ളത് ഏതോ മഹാപാതകമായി അവര്‍ കാണുന്നതെങ്ങനെ? രാഷ്ട്രീയത്തില്‍ ഇസ്ലാമാവാമെന്നും ഇസ്ലാമില്‍ രാഷ്ട്രീയമുണ്ടെന്നും സിദ്ധാന്തിക്കുന്ന ഒരു സംഘടന, അക്കാരണത്താല്‍ തന്നെ മത സംഘടനകളില്‍നിന്ന് ഭിന്നമായി നില്‍ക്കെ, സമയമായപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയതില്‍ ആശ്ചര്യകരമായി എന്തിരിക്കുന്നു?
സുന്നി യുവജന സംഘത്തിന്റെ മറ്റൊരു പരാതി ജമാഅത്തെ ഇസ്ലാമി ഭൂപ്രശ്നം, അതിവേഗത പാത, നാലുവരിപ്പാത പോലുള്ള സാമൂഹിക കാര്യങ്ങളില്‍ ഇടപെട്ടുകളയുന്നു എന്നുള്ളതാണ്. പകരം പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിം മനസ്സുകള്‍ ശുദ്ധീകരിക്കാനും ഇതര സമൂഹങ്ങളില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താനും ശ്രമിക്കുകയാണത്രെ ചെയ്യേണ്ടത്. പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തേണ്ടതെന്ന് സുന്നീ യുവജന സംഘടന ചൂണ്ടിക്കാട്ടിയ പ്രവര്‍ത്തനങ്ങള്‍ തന്നെ നടക്കണമെങ്കില്‍ പ്രഥമവും പ്രധാനവുമായി, ദൈവസ്മരണക്കും മാനസിക ശുദ്ധീകരണത്തിനുമായി നിശ്ചയിക്കപ്പെട്ട ജുമുഅ ഖുത്വ്ബ മാതൃഭാഷയിലാവണം. അത് സുന്നീ പണ്ഡിതന്മാര് അനുവദിക്കുമോ? സാമുദായത്തിന്റെ പകുതിയായ സ്ത്രീകളെ സംസ്കരിക്കാതെ ഒരു സംസ്കരണ പ്രവര്‍ത്തനവും പൂര്ണമാവുകയില്ല, വിജയിക്കുകയില്ല. സ്ത്രീകളെ പള്ളിയില്‍ വരാന്‍ സുന്നികള്‍ സമ്മതിക്കുമോ? അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനും പള്ളികള്‍ കേന്ദ്രീകരിക്കണമെങ്കില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് അനുവാദം നല്കിയിട്ടു വേണ്ടേ? അപ്പോള്‍ മത സംഘടനകള്‍ ചെയ്യേണ്ടത് എന്ന് അവര്‍ സ്വയം അംഗീകരിക്കുന്ന കാര്യങ്ങള്‍ തന്നെ യഥാവിധി നിറവേറ്റാനാവാത്ത സാഹചര്യമാണവര്‍ സ്വയം സൃഷ്ടിച്ചിരിക്കുന്നത്.
അതോടൊപ്പം, സാമൂഹിക പ്രശ്നങ്ങളില്‍ ഇസ്ലാം ഇടപെടാന്‍ പാടില്ലെന്ന് പറയാന്‍ സുന്നി യുവജന സംഘത്തിനുള്ള ന്യായമെന്താണ്? നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കാനും നന്മ കല്പിക്കാനും തിന്മ തടയാനും നിയോഗിതരായ സമൂഹമാണ് മുസ്ലിംകള്. മതപരമായ നന്മ, മതപരമായ തിന്മ, മതേതര നന്മ, മതേതര തിന്മ എന്നൊരു വിഭജനം ഇസ്ലാമിലുണ്ടോ? ജീവിതത്തില്‍ നന്മ തിന്മകള്ക്ക് ഒരൊറ്റ മാനദണ്ഡമേ ഇസ്ലാമിലുള്ളൂ. അല്ലാഹുവും പ്രവാചകരും കല്പിച്ചതും മനുഷ്യന്റെ ശുദ്ധ പ്രകൃതി നല്ലതെന്ന് കരുതുന്നതുമായ എല്ലാം നന്മ, അവര്‍ വിലക്കിയതും മനുഷ്യ പ്രകൃതി ചീത്തയായി കരുതുന്നതുമെല്ലാം തിന്മ. നന്മ എവിടെയായാലും മുസ്ലിം പ്രോത്സാഹിപ്പിക്കുകയും സ്ഥാപിക്കുകയും, തിന്മ എവിടെ കണ്ടാലും വെറുക്കുകയും വിലക്കുകയും ചെയ്തേ പറ്റൂ. ആ ചുമതല മതേതരക്കാര്‍ക്കും മതനിരാസികള്‍ക്കും വിട്ടുകൊടുത്ത് ജീവിതത്തില്‍നിന്ന് ഒളിച്ചോടി പള്ളികളില്‍ അഭയം തേടി ദിക്ര് ഹല്‍ഖയും റാത്തീബും മൌലിദുമായി കഴിയണമെന്ന് പഠിപ്പിക്കുന്ന ഒരു ഇസ്ലാമിനെ അല്ലാഹുവും റസൂലും പൂര്‍വ സൂരികളും പരിചയപ്പെടുത്തിയിട്ടില്ല. വഴിയില്‍നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നതു പോലും ഈമാനിന്റെ ഭാഗമായാണ് പ്രവാചകന് എണ്ണിയത്. കൃഷിഭൂമി ജീവിപ്പിക്കലും മരം നടലും കുടിവെള്ളമെത്തിക്കലും സാക്ഷരത വളര്‍ത്തലും പാവങ്ങള്‍ക്ക് ആഹാരം നല്‍കലും അനാഥകളെ സംരക്ഷിക്കലും രോഗികളെ സാന്ത്വനിപ്പിക്കലും, പൂഴ്ത്തിവെപ്പും അഴിമതിയും കൈക്കൂലിയും മദ്യവും ചൂതാട്ടവും പലിശയും വ്യഭിചാരവും തടയലും തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കലും സാമൂഹിക നീതി ലഭ്യമാക്കലും അസഹിഷ്ണുതയും വിദ്വേഷവും സംഘട്ടനവും യുദ്ധവുമില്ലാത്ത ലോകത്തിനു വേണ്ടി പണിയെടുക്കലും ഇസ്ലാമിന്റെ അധ്യാപനങ്ങളാണ്, പ്രവാചക ചര്യയാണ്, ശിഷ്യന്മാരുടെ മാതൃകയാണ്, ഇസ്ലാമിന്റെ ഇതഃപര്യന്തമുള്ള ചരിത്രമാണ്. ഇതൊന്നുമില്ലാത്ത ഒരു ഇസ്ലാം ഉണ്ടോ, ഉണ്ടെങ്കില്‍ അത് സുന്നി-മുജാഹിദ് സംഘടനകള്‍ കാണിച്ചുതരുമോ? ഭൂലോകത്ത് കേരളത്തിന്റെ \'ഠ\' വട്ടത്തിലല്ലാതെ കാക്കത്തൊള്ളായിരം സുന്നി-സലഫി സംഘടനകള്‍ വേറെയുമുണ്ടല്ലോ. അവയൊക്കെ ജീവിതത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങള്‍ മതേതരക്കാര്‍ക്ക് പതിച്ചു നല്കി ആമീന്‍ ഉറക്കെ ചൊല്ലണമോ, തശഹുദില്‍ വിരല്‍ ഇളക്കണമോ, നമസ്കാരത്തില്‍ കൈ നെഞ്ചത്ത് വെക്കണമോ, നമസ്കാരം കഴിഞ്ഞാല്‍ ഉടനെ ഇമാം സ്ഥലം വിടണമോ എന്നു തുടങ്ങിയ \'സുപ്രധാന രാഷ്ട്രാന്തരീയ വിവാദങ്ങളില്‍\' മുഴുകിയിരിക്കുകയാണോ? ശാന്തം, പാവം!
എന്തായാലും ഈ പരമ സാധു നിര്‍ദോഷ മതത്തിന് ജമാഅത്തെ ഇസ്ലാമിയെ കിട്ടില്ല; സോളിഡാരിറ്റിയെയും. സകല ജീവല്‍ പ്രശ്നങ്ങളിലും ഇടപെട്ട് നന്മയുടെ പക്ഷത്തിന് ശക്തിപകരാനും തിന്മയുടെ പക്ഷത്തെ പരമാവധി തളര്‍ത്താനും തന്നെയാണ് തീരുമാനം. അതിന്റെ ഭാഗമായി പള്ളികളില്‍ പ്രസംഗിക്കും, പഞ്ചായത്തില്‍ മത്സരിക്കുകയും ചെയ്യും. മനുഷ്യര്‍ക്ക് വായിക്കാന്‍ പത്രങ്ങളിറക്കും, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ആശുപത്രികള്‍ സ്ഥാപിക്കും, പലിശ മുക്ത വായ്പാ നിധികള്‍ ഏര്‍പ്പെടുത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിയും, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാക്കും, മദ്യ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരുടെ സമരത്തില്‍ പങ്കുചേരും, അഹങ്കാരത്തിന്റെ അതിവേഗ പാത പണിയുന്നവരെ ചെറുക്കും; പരിസ്ഥിതി മലിനീകരണത്തെ പ്രതിരോധിക്കും, വിഷമഴ പെയ്യിക്കുന്നവരുടെ കൈക്ക് പിടിക്കും, ഇരകളെ പുനരധിവസിപ്പിക്കും, അനാശാസ്യ കേന്ദ്രങ്ങള്‍ ജനകീയ സമരങ്ങളിലൂടെ അടച്ചുപൂട്ടിക്കും. ഇക്കാര്യങ്ങളില്‍ ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ സുമനസ്സുകളെ സഹകരിപ്പിക്കും. ഇതൊന്നും മതേതര പ്രവൃത്തികളല്ല, ഇസ്ലാമിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവാചക മാതൃകയില്‍ ചെയ്യുന്ന ഇബാദത്ത്-പുണ്യ കര്‍മം- തന്നെയാണ്. സുന്നി-മുജാഹിദ് സംഘടനകള്‍ക്ക് ആരാധന മാത്രമാണ് ഇബാദത്തെങ്കില്‍ അവര്‍ ദേവാലയങ്ങളില്‍ കുത്തിയിരിക്കട്ടെ. അതാണ് ഇസ്ലാമെന്ന് പറഞ്ഞ് വിരട്ടരുത്.
ഇസ്ലാമിക പ്രസ്ഥാനത്തെ എതിര്‍ക്കുമ്പോള്‍ മത സംഘടനകള്‍ക്ക് മതേതര രാഷ്ട്രീയക്കാരുടെയും മീഡിയയുടെയും കൈയടിയും പ്രോത്സാഹനവും തീര്‍ച്ചയായും കിട്ടുന്നുണ്ട്. ചരിത്രത്തിലുടനീളം ഇസ്ലാമിനെ വികലമാക്കിയവര്‍ക്കും സങ്കുചിത മതവാദികള്‍ക്കും അരമനകളുടെ രക്ഷാധികാരവും അധര്‍മികളുടെ പ്രോത്സാനവും കിട്ടിപോന്നിട്ടുണ്ട്. പ്രവാചകവര്യന്മാരുടെ മുഴുവന്‍ ചരിത്രം അധാര്‍മികമായ അധികാര സ്ഥാനങ്ങളോടും പ്രമാണിമാരോടും ഏറ്റുമുട്ടിയ ചരിത്രമാണ്; അവര്‍ എന്നും ഒറ്റപ്പെട്ടവരും വേറിട്ട് നില്‍ക്കുന്നവരും ആയിരുന്നു. ഇടത്-വലത് ജനവിരുദ്ധ ഭരണാധികാരികളുടെയും അഴിമതിക്കാരുടെയും സാമ്രാജ്യത്വ ദാസന്മാരുടെയും പിന്തുണ ഇസ്ലാമിക പ്രസ്ഥാനത്തിന് വേണ്ട. അവര്‍ മുക്രയിട്ടാല്‍ ഒതുങ്ങുന്നതുമല്ല സത്യത്തിന്റെ ശബ്ദം.
മൌദൂദിയെ ജമാഅത്ത് തള്ളിപ്പറയണമത്രെ. എന്തിന്, ആര്‍ക്കു വേണ്ടി? "
ദൈവദൂതനെ അല്ലാതെ യാതൊരു മനുഷ്യനെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുകയും മറ്റൊരാളെയും വിമര്‍ശനാതീതമായി ഗണിക്കാതിരിക്കുകയും യാതൊരാളുടെയും മാനസികാടിമത്വത്തില്‍ കുടുങ്ങാതിരിക്കുകയും അല്ലാഹു നിശ്ചയിച്ച ഇതേ പരിപൂര്‍ണ മാനദണ്ഡം കൊണ്ട് ഓരോരുത്തരെയും പരിശോധിക്കുകയും അതനുസരിച്ച് ആര് ഏതു പദവിയിലാണോ അവരെ അതേ പദവിയില്‍ വെക്കുകയും ചെയ്യുക'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, ഭരണഘടന, ഖണ്ഡിക 3, ആദര്‍ശം, ഉപവകുപ്പുകള്‍ 6).
സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ കാലം മുതല്ക്കേ ജമാഅത്തെ ഇസ്ലാമി മുറുകെപ്പിടിക്കുന്ന ഈ ആദര്‍ശത്തിന് ഒരു കാലത്തും മാറ്റമുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. സ്വഹാബികള്‍ മുതല്‍ക്കിങ്ങോട്ട് ഒരാളെയും എത്ര വലിയ മഹാനായാലും ജമാഅത്തെ ഇസ്ലാമി സത്യത്തിന്റെ പരമ മാനദണ്ഡമായി അംഗീകരിക്കുന്നില്ല. അല്ലാഹുവും റസൂലും മാത്രമാണ് ആ പദവിക്കര്‍ഹര്‍. എന്നാല്‍, മുസ്ലിം സമൂഹത്തില്‍ നാളിതുവരെ ലക്ഷക്കണക്കിന് ചിന്തകരും മഹാ പണ്ഡിതന്മാരും പരിഷ്കര്‍ത്താക്കളും കഴിഞ്ഞുപോയിട്ടുണ്ട്. അവരിലാരെയും ജമാഅത്ത് തള്ളിപ്പറയുന്നില്ല. എല്ലാവരിലുമുള്ള ശരി അംഗീകരിക്കുന്നു, ശരിയല്ലെന്ന് തോന്നിയത് നിരാകരിക്കുന്നു. ശരിക്കും തെറ്റിനും സാധ്യതയുള്ള ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് മുന്‍ഗാമികളുടെ വാക്കുകളും പ്രവൃത്തികളും വിലയിരുത്തുന്നത്.
മൌദൂദിയും ഹസനുല്‍ ബന്നായും ഇരുപതാം നൂറ്റാണ്ടില്‍ സാമ്രാജ്യത്വത്തിന്റെ ചൊല്പടിയില് അമര്‍ന്ന മുസ്ലിം ജനകോടികളുടെ മുമ്പില്‍ എല്ലാ മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്കും ബദലായി ഖുര്‍ആനിലും സുന്നത്തിലും അധിഷ്ഠിതമായ ഇസ്ലാമിക ജനാധിപത്യ വ്യവസ്ഥിതിയെ അവതരിപ്പിച്ചു. തദടിസ്ഥാനത്തില്‍ ജനാധിപത്യത്തോടും മതേതരത്വത്തോടും ദേശീയതയോടും മുസ്ലിം സ്വീകരിക്കേണ്ട കാഴ്ചപ്പാടുകളും വിശദീകരിച്ചു. അത് തെറ്റായിരുന്നു എന്ന് ഇന്നുവരെ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചവരാരും തെളിയിച്ചിട്ടില്ല. പദപ്രയോഗങ്ങളോടും ശൈലിയോടും വിശദാംശങ്ങളോടുമുള്ള വിയോജനം വേറെ കാര്യമാണ്. അതിനാല്‍ അടിസ്ഥാനപരമായി അതൊക്കെ ശരിയായിരുന്നുവെന്ന നിലപാടില്‍ ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നു. നാസ്തികര്‍ക്കും മാര്‍ക്സിസ്റുകള്‍ക്കും മതനിരാസികള്‍ക്കും മതത്തെ സ്വകാര്യവത്കരിച്ചവര്‍ക്കും ഇസ്ലാമിന്റെ അന്യൂനവും സമ്പൂര്‍ണവുമായ രൂപം സ്വീകാര്യമല്ലെന്നത് സ്വാഭാവികമാണ്. അവരെ തൃപ്തിപ്പെടുത്താന്‍ പക്ഷേ ഇസ്ലാമിക പ്രസ്ഥാനം അശക്തമാണ്.
മൌദൂദിയെ തള്ളിപ്പറയാത്തതിലാണ് ചിലരുടെ രോഷമെങ്കില്‍ അദ്ദേഹത്തെ ഹല്‍ഖാ അമീര്‍ ആരിഫലി'തള്ളിപ്പറഞ്ഞതി'നാണ് സിറാജില്‍ പി.ടി നാസറിന്റെ പരിഹാസം മുഴുവന്‍ (സിറാജ് 24 മെയ്).
"ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൌലാനാ മൌദൂദിയോട് ജമാഅത്തെ ഇസ്ലാമിക്ക് കടപ്പാടുണ്ട്. അതേയവസരം ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണം മൌലാനാ മൌദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല. ഖുര്‍ആനും നബിചര്യയുമാണ്.'' ഈ വാചകം ഉദ്ധരിച്ചുകൊണ്ടാണ് മൌദൂദിയെ തളളിപ്പറഞ്ഞതായി ലേഖകന്‍ ഭാവിക്കുന്നത്. തുടര്‍ന്നങ്ങോട്ട് തദടിസ്ഥാനത്തിലുള്ള മുച്ചൂടും തെറ്റായ വാദഗതികളും നിരത്തുന്നു. 1956-ല്‍ നിലവില്‍വന്ന ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഖുര്‍ആനും സുന്നത്തും മാത്രമാണ് സംഘടനയുടെ മൌലിക പ്രമാണങ്ങളെന്ന് സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)യുടെ പ്രിയ ശിഷ്യന്മാരുടെ വാക്കുകളോ പ്രവൃത്തികളോ പോലും ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളല്ലെന്നിരിക്കെ, അക്കാര്യം ഭരണഘടനയില്‍ വ്യക്തമാക്കിയിരിക്കെ, മൌദൂദിയുടെ ലിഖിതങ്ങളും വചനങ്ങളുമല്ല പ്രമാണങ്ങളെന്ന് പറഞ്ഞത് അപ്പടി ശരിയാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും മൌദൂദിയന്‍ വ്യാഖ്യാനങ്ങളാണ് ജമാഅത്ത് സ്വീകരിക്കുന്നതെന്ന ആരോപണത്തിലും കഴമ്പില്ല. ഖുര്‍ആനിന് ആയിരക്കണക്കിന് വ്യാഖ്യാനങ്ങളുണ്ട്. വ്യാഖ്യാനങ്ങളുടെ പിന്‍ബലമില്ലാതെ ഒരാള്‍ക്കും ഖുര്‍ആനെ നേരാംവണ്ണം ഗ്രഹിക്കാനുമാവില്ല. അങ്ങനെ ചെയ്താല്‍ അതയാളുടെ വ്യാഖ്യാനവുമാവും. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇമാം അബുല്‍ ഹസന് അശ്അരിയും ഇമാം ശാഫിഈയും രൂപപ്പെടുത്തിയ മദ്ഹബുകളാണ് സമസ്തയുടെ ആദര്‍ശവും കര്‍മശാസ്ത്രവും. ഇബ്നു തൈമിയ്യയുടെയും ശൈഖ് മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിന്റെയും ചിന്തകളാണ് സലഫിസത്തിന്റെ അടിസ്ഥാനം. അതാണ് മുജാഹിദുകള്‍ കൊണ്ടുനടക്കുന്നത്. ജമാഅത്തെ ഇസ്ലാമിയാകട്ടെ ഇവരുടെയെല്ലാം കാഴ്ചപ്പാടുകളില്‍നിന്ന് ഖുര്‍ആനോടും സുന്നത്തിനോടും കൂടുതല്‍ അടുത്തതേതോ അത് സ്വീകരിക്കുന്നു. സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയും ഇതിന്നപാവദമല്ല. അദ്ദേഹത്തിന് അപ്രമാദിത്വം കല്പിക്കുന്നുമില്ല. ഇതിപ്പോള്‍ മാത്രം പറയുന്ന കാര്യവുമല്ല. ആരിഫലി അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഇതിപ്പോഴെങ്കിലും വ്യക്തമാക്കേണ്ടതുണ്ട് എന്നു പറഞ്ഞത് ഒരു പുതിയ കാര്യമെന്ന നിലക്കല്ല. കുറേക്കാലമായി കേരളത്തില്‍ മൌദൂദിസമാണ് ജമാഅത്തിന്റെ അടിത്തറയെന്ന പ്രചാരണം നടക്കുകയും ഒടുവിലത് മൂര്‍ച്ചിക്കുകയും ചെയ്തപ്പോള്‍ അവസരോചിതമായി എടുത്തു പറഞ്ഞതാണ് അമീര്‍ ആരിഫലി.
പ്രസ്താവനകള്‍ വളച്ചൊടിക്കുന്നതും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ആഘോഷമാക്കുന്നതും ചിരപരിചിതമായ മീഡിയാ പ്രവര്‍ത്തനമായതുകൊണ്ട് പി.ടി നാസര്‍ മാത്രം അതിന്നപവാദമാവേണ്ടതില്ല.പക്ഷേ, ഇവരൊക്കെ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. മൌദൂദി എന്തോ വേണ്ടാത്തത് എഴുതിപ്പോയതാണെങ്കില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ ജമാഅത്തിന് ആരുണ്ട് തടസ്സം? അത് ചെയ്യാതെ അദ്ദേഹത്തിന്റെ കൃതികള്‍ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നത് മൌലികമായി അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടില്ല എന്ന് കരുതുന്നതുകൊണ്ട് തന്നെയാണ്. ശരിയായ പശ്ചാത്തലത്തില്‍ വായിക്കാതെ വിമര്‍ശകര്‍ തുടരുന്ന കുപ്രചാരണങ്ങള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനത്തെ ചകിതരാക്കാനാവില്ല.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ജനതാ ദള്‍ നേതാക്കള്‍ പല തവണ വന്നിട്ടുണ്ട്, സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ട്. അവരാരും ഒരിക്കലും ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് തിരുത്തണമെന്നാവശ്യപ്പെട്ടിട്ടില്ല. ആശയ സംവാദത്തിലേര്പ്പെട്ടിട്ടുമില്ല.
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നേതാക്കളെ നേരില്‍ കണ്ട സി.പി.എം സെക്രട്ടറി പിണറായി വിജയനും അതേപ്പറ്റി അക്ഷരം ഉരിയാടിയിട്ടില്ല. ആദര്ശത്തിലോ ലക്ഷ്യത്തിലോ കടുകിടാ വിട്ടുവീഴ്ച ചെയ്യാമെന്ന ഒരുറപ്പും സംഘടന ആര്‍ക്കും നല്‍കിയിട്ടുമില്ല. പിന്നെയന്തിന് ജമാഅത്തിന്റെ ഇല്ലാത്ത മുഖംമൂടി അഴിച്ചു കളയാന്‍ പിണറായി സാഹസപ്പെടണം? അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നാസ്തികവാദവും ഭൌതികവാദവും സ്റാലിനിസവും ഉദ്ഘോഷിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വാതന്ത്യ്രമുണ്ടെങ്കില് അതേ സ്വാതന്ത്യ്രം ദൈവിക സന്മാര്ഗത്തെയും ഇസ്ലാമിക സാമൂഹിക നീതിയെയും കുറിച്ച് പറയാന്‍ ജമാഅത്തെ ഇസ്ലാമിക്കുമുണ്ട്. നാസ്തികര്‍ക്ക് മദ്യരാജ്യമോ ഗുണ്ടാ രാജ്യമോ കൊണ്ടുവരാമെങ്കില് ധാര്‍മിക പ്രസ്ഥാനത്തിന് ദൈവരാജ്യവും കൊണ്ടുവരാം. സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തിന്റെ ഇന്നുവരെയുള്ള പ്രവര്‍ത്തനം സമാധാന ഭംഗമോ സാമുദായിക ധ്രുവീകരണമോ സൃഷ്ടിച്ചിട്ടില്ലെങ്കില് നാളെയും അതുണ്ടാവാന്‍ പോവുന്നില്ല.
എല്‍.ഡി.എഫിന് ജമാഅത്ത് തത്ത്വാധിഷ്ഠിത പിന്തുണ നല്കി; യു.ഡി.എഫിനും വേണ്ടിവന്നാല്‍ നല്‍കും. ഒരു മുന്നണിക്കും നല്കാതെയുമിരിക്കും. അടിയറവ് കരാറോ സഖ്യമോ ധാരണയോ ഒരു പാര്‍ട്ടിയോടും മുന്നണിയോടും ഉണ്ടാക്കിയിട്ടില്ല. ആരുടെയും ഓശാരം കൊണ്ടല്ല ഈ പ്രസ്ഥാനം ദൈവധിക്കാരികളുടെയും ജനശത്രുക്കളുടെയും ഉറക്കം കെടുത്തുന്ന രീതിയില്‍ വളര്‍ന്നത്. ആരുടെയെങ്കിലും മേല്‍ ചാരിയാല്‍ മാത്രം നിലനില്പുള്ള കോണിയുമായി ജമാഅത്ത് ഇറങ്ങിത്തിരിച്ചിട്ടുമില്ല. അല്ലാഹുവിന്റെ സഹായത്തിലും നല്ല മനുഷ്യരുടെ സഹകരണത്തിലും നീതിനിഷേധിക്കപ്പെട്ടവരുടെ പ്രാര്‍ഥനകളിലുമാണ് പ്രസ്ഥാനത്തിന് പ്രതീക്ഷ. ആ പ്രതീക്ഷ എന്നും സഫലമാവുകയേ ചെയ്തിട്ടുള്ളൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)