2010 സെപ്റ്റംബർ 18, ശനിയാഴ്‌ച

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്


കളമശ്ശേരി ബസ് കത്തിക്കല്‍, തടിയന്റവിട നസീര്‍ ലക്ശറെ ത്വയ്യിബ കേസും പ്രചാരണവും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം അകത്തേക്കും പുറത്തേക്കും ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എത്രയോ അളവില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന യാഥാര്‍ഥ്യമാണ് ഒന്നാമതായി ഇത് അനാവരണം ചെയ്യുന്നത്. ഇത് അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന്റെ രാഷ്ട്രീയ ജീവിതവും ജീവിതം തന്നെയും ഇല്ലാതാക്കാനുള്ള, ഒപ്പം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാവരെയും തകര്‍ക്കാനുള്ള സുവര്‍ണാവസരമായി കാണുന്നതിനപ്പുറം വിശകലനം ചെയ്യാനുള്ള ധാര്‍മിക ബാധ്യത കേരള മുസ്‌ലിം സമൂഹിക രാഷ്ട്രീയ മതനേതൃത്വങ്ങള്‍ക്കുണ്ട്. ഏതെങ്കിലും മത രാഷ്ട്രീയ നേതാക്കളുടെ ഭാവി നശിപ്പിച്ചത് കൊണ്ട് ഈ സിന്‍ഡ്രം ചികിത്സിക്കപ്പെടാന്‍ പോകുന്നില്ല.

പ്രവാചക(സ)നോട് മക്കയിലെ കടുത്ത പീഡനത്തിന്റെ വേളയില്‍ സായുധ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അനുവാദമില്ലെങ്കില്‍ ചില പ്രമുഖരെ രഹസ്യമായി ഉന്മൂലനം ചെയ്യുന്നതിന് അനുവാദം തരണമെന്ന് അഭ്യര്‍ഥിച്ച് പ്രവാചക സഹചരില്‍ ചിലര്‍ അദ്ദേഹത്തെ സമീപിച്ചു. ഒരു പ്രത്യാക്രമണം നടത്തിയില്ലെങ്കിലും ചില ശത്രു നേതാക്കളെ ഗൂഢമായി ഉന്മൂലനം ചെയ്താല്‍ പീഡനത്തിന് വലിയ ആശ്വാസം ലഭിക്കുമെന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. പക്ഷേ അതിന് മറുപടി പറഞ്ഞത് ദൈവമാണ്. ''ശത്രുക്കളില്‍ നിന്ന് വിശ്വാസികളെ പ്രതിരോധിക്കുന്നവന്‍ ദൈവമാകുന്നു. ദൈവം വഞ്ചകരെയും നന്ദികെട്ടവരെയും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.'' (അല്‍ഹജ് 38).

യുദ്ധത്തെയും സമാധാനത്തെയും പരസ്പരം കൂട്ടിക്കുഴക്കരുത് എന്നത് ഇസ്‌ലാമിന്റെ ധാര്‍മിക ശാഠ്യങ്ങളിലൊന്നാണ്. എതിരാളികള്‍ കൂട്ടിക്കുഴക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഏതോ ഒരു നിലപാട് പ്രഖ്യാപിക്കുകുയം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അതിന് എന്തു വില നല്‍കേണ്ടി വന്നാലും. അത് ഉജ്ജ്വലമായി ഏറ്റെടുത്തതാണ് പൂര്‍വ സൂരികളുടെ ചരിത്രം.

പൗരത്വം ഒരു കരാറാണ്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് പോലീസ് പറയുന്നത് ശരിയാണെങ്കില്‍ പൗരത്വത്തെ നികൃഷ്ടമായി വഞ്ചിക്കുകയാണവര്‍ ചെയ്തത്. പ്രമുഖ ആധുനിക ഇസ്‌ലാമിക പണ്ഡിതനായ ലബനാനിലെ ഫൈസല്‍ മൗലവി പറയുന്നു: ''പൗരബാധ്യതകളും അവകാശങ്ങളും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയണം. അവകാശങ്ങള്‍ മാത്രം അനുഭവിച്ച് ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പൗരത്വമെന്നത് രാഷ്ട്രവുമായുള്ള കരാറാണ്. രാഷ്ട്രത്തെ ചതിക്കാന്‍ മുസ്‌ലിമിന് അനുവാദമില്ല. നബി(സ) പ്രസ്താവിക്കുന്നു: ''എല്ലാ ചതിയന്മാര്‍ക്കും അറിവടയാളമായി ഒരു കൊടിയുണ്ടാകും.'' യുദ്ധ പ്രഖ്യാപിത ശത്രുക്കളെ ചതിക്കുന്നതും അവരോടുള്ള കരാര്‍ ലംഘിക്കുന്നതു പോലും ഇസ്‌ലാം കുറ്റകരമായാണ് കാണുന്നത്.

ഏതൊരു പൗരനും പൗരത്വ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്. അത്‌ ലംഘിക്കുന്നയാള്‍ ശിക്ഷാവിധേയനാണ്. രാഷ്ട്രത്തില്‍ പ്രാബല്യത്തിലുള്ള എല്ലാ നിയമങ്ങളും പാലിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. നികുതി കൊടുക്കണം... ഈ അടിസ്ഥാനത്തിലാണ് മറ്റുള്ളവര്‍ അയാളോട് ഇടപഴകുക. ഒരാള്‍ മാതൃരാജ്യത്ത് ജീവിച്ചാല്‍ അതിന്റെ അര്‍ഥം അനുവദനീയവും നിയമാനുസൃതവുമായ ഒരു കാര്യം അയാള്‍ തെരഞ്ഞെടുത്തു എന്നാണ്.''

മുസ്‌ലിംസമൂഹത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് ഇത്തരം സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ അരങ്ങേറാറുള്ള കാര്യം. യഥാര്‍ഥത്തില്‍ അവന്റെ ദേശക്കൂറിന് അവന്റെ മതബോധവുമായാണ് ബന്ധം.

ഇന്ത്യയിലെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന അന്‍വാര്‍ഷാ കശ്മീരി 1977 ഡിസംബറില്‍ പെഷവാറില്‍ കൂടിയ ജംഇയ്യത്തുല്‍ ഉലമയുടെ പൊതുസമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ പറയുന്നു: ''ഒരു മുസ്‌ലിം രാജ്യം ഇന്ത്യയെ ആക്രമിച്ചാല്‍ മുസ്‌ലിംകളുടെ നിലപാടെന്തായിരിക്കും. ഈ ചോദ്യമുദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. വളരെ തരംതാണ ഒരു ചോദ്യമാണിത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ (സ്വാതന്ത്ര്യത്തിനു ശേഷമുള്ള സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്കും ജനാധിപത്യ ഭരണകൂടത്തിനുമടയില്‍-ലേഖകന്‍) കരാര്‍ നിലവിലുണ്ടെങ്കില്‍ നിശ്ചയമായും മുസ്‌ലിംകള്‍ അത് പാലിക്കും. എന്നു മാത്രമല്ല, അത്തരമൊരു കരാര്‍ നിലനില്‍ക്കുന്നേടത്തോളം ഒരു മുസ്‌ലിം രാഷ്ട്രത്തിനും ഇന്ത്യ ആക്രമിക്കാന്‍ അധികാരമില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രവുമായുള്ള കരാറിനെ മാനിക്കാന്‍ മറ്റു രാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. റസൂല്‍(സ) പറയുന്നു. ''മുസ്‌ലിംകളുടെ കരാറുകള്‍ ഒന്നാണ്. ഒരു മുസ്‌ലിം മറ്റുള്ളവരുമായി വല്ല കരാറും ചെയ്താല്‍ അതിനെ ആദരിക്കല്‍ എല്ലാവരുടെയും കടമയാണ്'' (ബുഖാരി, 3180).

സംഘ്പരിവാര്‍ ഈയിടെ കേരളത്തില്‍ നടത്തിയ ഒരു കാമ്പയിനായിരുന്നു 'ആദ്യം രാജ്യം പിന്നെ മതം' എന്നത്. മുസ്‌ലിമിന് ഒന്നാമത്തെ വിഷയം മതം തന്നെയാണ്. രാജ്യവുമായുള്ള അവന്റെ ബന്ധത്തിന്റെ പോലും ഉറവിടം മതമാണ്. ആദ്യം രാജ്യം പിന്നെ മതം എന്ന് സംഘ്പരിവാര്‍ പറയുമ്പോള്‍ അവര്‍ക്ക് രാഷ്ട്രം തന്നെയാണ് മതം. അഥവാ മതം തന്നെയാണ് രാഷ്ട്രം. അവര്‍ ഈ ക്യാമ്പയിനിലൂടെ മുസ്‌ലിം സമൂഹത്തോടു പറയുന്നത് നിങ്ങളുടേതും അങ്ങനെ തന്നെയായിക്കൊള്ളണമെന്നാണ്. മുസ്‌ലിം രാജ്യത്തോട് കൂറുള്ളവനായിത്തീരുന്നത് അവന്‍ മതവിമുക്തനാവുമ്പോഴല്ല, മതപ്രതിബദ്ധതയുള്ളവനാകുമ്പോഴാണ്.

മുസ്‌ലിം സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ വിവേചനങ്ങളും ഫാഷിസ്റ്റുകളുടെ ആക്രമണങ്ങളുമാണ് മുസ്‌ലിം തീവ്രവാദത്തിന്റെ ഇന്ധനമാവാറുള്ളത്. എന്നാല്‍ ഇത്തരം വഴിവിട്ട പ്രതികരണങ്ങള്‍ ഭരണകൂടത്തിന്റെ കൂടുതല്‍ കടുത്ത പീഡനത്തിനും മറ്റും കാരണമായിത്തീരുകയും ചെയ്യുന്നു. അത് അവനെ വീണ്ടും കടുത്ത ഭീകരനാക്കി മാറ്റുന്നു.. നീതിനിഷേധം തീവ്രവാദത്തിനും തീവ്രവാദം വീണ്ടും കൂടുതല്‍ കടുത്ത നീതിനിഷേധത്തിനും കാരണമാവുന്നു. ഇത് ചില മുസ്‌ലിംകള്‍ അകപ്പെട്ടിരിക്കുന്ന ഒരു വിഷമവൃത്തമാണ്. ഈ യുക്തിയില്‍നിന്ന് പുറത്തുകടക്കാത്തേടത്തോളം അവര്‍ക്ക് ഈ വിഷമവൃത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. മറ്റുള്ളവര്‍ നമ്മളോട് അതിക്രമം ചെയ്യുന്നില്ലേ, അപ്പോള്‍ നമുക്കെന്തുകൊണ്ട് തിരിച്ച് അതിക്രമം ചെയ്തുകൂടാ എന്നതാണ് അതിന്റെ യുക്തി. ഈ യുക്തികൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല എന്നു മാത്രമല്ല കൂടുതല്‍ വഷളാവുകയാണ് എന്നതിന് ഏത് കണ്ണുപൊട്ടനും കാണാന്‍ കഴിയുന്ന ആയിരക്കണക്കിന് അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

അപ്പോള്‍ എങ്ങനെ ഈ വിഷമവൃത്തത്തില്‍നിന്ന് പുറത്തുകടക്കും. വിശ്വാസിയുടെ അധിക ധാര്‍മികത കൊണ്ട് മാത്രമേ ശത്രുവിന്റെ ഈ കെണിയില്‍നിന്ന് അവന് രക്ഷപ്പെടാന്‍ കഴിയൂ. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നത് നാം തെറ്റു ചെയ്യാനുള്ള ന്യായമല്ല. നഷ്ടങ്ങള്‍ സഹിച്ചു. ശരി മാത്രം ചെയ്യുന്നവര്‍, നിയമം പാലിക്കുന്നവര്‍ ആത്യന്തികമായി ഇവിടെയും അതിനപ്പുറത്തും വിജയിക്കുക തന്നെ ചെയ്യും. അധാര്‍മികതകള്‍ താല്‍ക്കാലികാശ്വാസങ്ങള്‍ ഒരു പക്ഷേ പ്രദാനം ചെയ്താലും ആത്യന്തികമായി പരാജയപ്പെടുക തന്നെ ചെയ്യും. ദൈവബോധമാണ് മതത്തിന്റെ ആത്മാവ്. ധാര്‍മികതയാണ് അതിന്റെ ശരീരം.

മുസ്‌ലിം തീവ്രവാദത്തെ ഭരണകൂടം തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു, മുസ്‌ലിംസമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്രാജ്യത്വം സര്‍വ സഹായവും ചെയ്തുകൊടുക്കുന്നു മുതലായ വസ്തുതകള്‍ ഇത്തിരി ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ ഇന്ന് വ്യക്തമാണ്. മുംബൈ ഭീകരാക്രമണം നടത്തിയതില്‍ പാകിസ്താനും മുസ്‌ലിം മിലിറ്റന്റ് ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടായിരിക്കാം. പക്ഷേ അതിനേക്കാള്‍ അതില്‍ അമേരിക്കക്ക്‌ പങ്കുണ്ടായിരുന്നു എന്ന് ഇന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍
ചാരന് ഇതിലുള്ള പങ്ക് ഇപ്പോള്‍ ഏകദേശം വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍ ചാരനും തടിയന്റവിട നസീറും തമ്മില്‍ ചങ്ങാത്തമുണ്ടെന്ന വാര്‍ത്തയും ചേര്‍ത്ത് വായിക്കണം. നസീര്‍ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കി മാറ്റാന്‍ പോലിസ് ചാരനായി പെരുമ്പാവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചതായി പി.എം. ഇസ്മയില്‍ എന്ന മുന്‍പോലിസുകാരന്‍ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുകയുണ്ടായി. (തേജസ് ദിനപത്രം 17.12.2009) അപ്പോള്‍ മുസ്‌ലിമിനെ കൊണ്ട് ഭീകര പ്രവര്‍ത്തനം ചെയ്യിക്കുന്നത് ഇസ്‌ലാമല്ല, അമേരിക്കയാണ്. രാജ്യത്തെ ഇസ്‌ലാമിക സംഘടനകളല്ല ഭരണകൂടത്തിലെ തന്നെ മുസ്‌ലിംവിരുദ്ധ ഇന്റലിജന്‍സ് ലോബിയാണ്. അത് തിരിച്ചറിയാന്‍ കഴിയാത്ത, അതില്‍ ചെന്നുവീഴാന്‍ മാത്രം ബുദ്ധിമോശമുള്ള തടിയന്റവിട നസീറുമാര്‍ ഈ സമുദായത്തിലുണ്ട് എന്നതാണ് സമുദായത്തിന്റെ നിര്‍ഭാഗ്യം.

ഇന്ത്യയില്‍ മുസ്‌ലിം തെറ്റ് ചെയ്താലും ഹിന്ദു തെറ്റ് ചെയ്താലും ഒരേ പ്രതികരണമല്ല എന്നത് ഒരു മൂര്‍ത്ത യാഥാര്‍ഥ്യമാണ്. ഇതിനെ മുസ്‌ലിം എങ്ങനെയാണ് നേടിരേണ്ടത്. ഈ വസ്തുത രാജ്യമനസ്സാക്ഷിയുടെ മുന്നില്‍ ചൂണ്ടാക്കുകയും അതിനെതിരായ ബഹുജനാഭിപ്രായ രൂപീകരണത്തിന് രാജ്യത്തെ മതേതര വിശ്വാസികളുടെയും മാനവിക വാദികളുടെയും പിന്തുണയോടെ ശ്രമിക്കുകയും ചെയ്യണം. കാരണം അത് രാജ്യത്തെ കൂടുതല്‍ ജനാധിപത്യവല്‍കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ അപ്പോഴും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടുകൊള്ളണമെന്നില്ല. അപ്പോള്‍ ഇത്തരം ബഹുജനാഭിപ്രായ രൂപീകരണ ശ്രമങ്ങള്‍ നടത്തുമ്പോള്‍ തന്നെ നേരത്തേ സൂചിപ്പിച്ച ഇസ്‌ലാം അവനു പ്രദാനം ചെയ്യുന്ന ശരാശരിക്കപ്പുറമുള്ള ഉയര്‍ന്ന ധാര്‍മികതകൊണ്ട് മാത്രമേ അവനിതിനെ ഭേദിക്കാന്‍ കഴിയുകയുളളൂ. പ്രതികാരത്തിന്റെ കേവല യുക്തിവാദം പ്രതികരണത്തിന്റെ കേവല ഭൗതികവാദം പിന്തുടരുന്നേടത്തോളം അവന് ഇതില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല.

ലിബിയയില്‍ രണോത്സുകമായ കോളനിവിമോചന സമരത്തന് നേതൃത്വം നല്‍കിയ പണ്ഡിതനാണ് ഉമര്‍ മുഖ്താര്‍. ഇറ്റലിക്കാര്‍ മുസ്‌ലിം പോരാളികളുടെ മൃതശരീരങ്ങള്‍ അംഗഭംഗം വരുത്തിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ച അനുയായികളോട് അദ്ദേഹം പറഞ്ഞു. ''നിങ്ങളുടെ ഗുരുക്കന്മാര്‍ ഇറ്റലിക്കാരല്ല. അല്ലാഹുവും അവന്റെ പ്രവാചകനുമാണ്.''

ഇവിടെ ധാര്‍മികത മുസ്‌ലിമിന്റെ പ്രതിനിധാനത്തിന്റേതും അതിജീവനത്തിന്റേതും പ്രശ്‌നമാണ്. ഏതെങ്കിലും വിഭാഗം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നത് മുസ്‌ലിമിന് നിയമം കൈയിലെടുക്കാനുള്ള ന്യായമാകരുത്. രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുക എന്നത് മറ്റാരേക്കാളും രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ ആവശ്യമാണ്. സമ്പന്നനും സവര്‍ണനും നിയമവാഴ്ച യഥാവിധി നിലനിന്നില്ലെങ്കിലും അവന്റെ കാര്യങ്ങള്‍ നടക്കും. അവന്‍ സുരക്ഷിതനായിരിക്കും. മറ്റാരേക്കാളും നിയമപരിരക്ഷ ആവശ്യമുള്ളത് അധഃസ്ഥിത മര്‍ദിത ദുര്‍ബല ജനവിഭാഗത്തിനാണ്. അതുകൊണ്ടുതന്നെ നിയമവാഴ്ചയുടെ ആയുരാരോഗ്യം വര്‍ധിപ്പിക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ പ്രധാന പരിഗണനാ വിഷയമാവണം. നിയമബാഹ്യമായ പ്രതിരോധ വഴികള്‍ അലോപ്പതി ചിക്തിസയിലെ വേദനാ സംഹാരികളെപ്പോലെയാണ്. ഒരുപക്ഷേ അത് താല്‍ക്കാലിക ഫലം നല്‍കിയാലും. മൊത്തത്തില്‍ അത് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. നിയമവിരുദ്ധ പ്രതിരോധങ്ങള്‍ ചിലപ്പോള്‍ താല്‍ക്കാലിക ഫലങ്ങള്‍ നല്‍കിയേക്കും. പക്ഷേ അത് മൊത്തത്തില്‍ രാഷ്ട്ര ശരീരത്തെ അനാരോഗ്യത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. ആ അനാരോഗ്യത്തിന് ഏറ്റവും വില കൊടുക്കേണ്ടിവരിക രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ദരിദ്ര ജവിഭാഗങ്ങള്‍ തന്നെയായിരിക്കും. ജനാധിപത്യ ക്രമത്തിനകത്തുതന്നെ പോസിറ്റീവ് മിലിറ്റന്‍സി എന്ന ഒന്നുണ്ട്. അതൊരിക്കലും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനമല്ല. ജനത്തെ സംഘടിപ്പിച്ച് ജനമധ്യത്തില്‍ വെച്ച് നിര്‍വഹിക്കപ്പെടുന്നു. ജനകീയ സമരമുഖത്ത് ഉപയോഗിക്കപ്പെടുന്ന സുതാര്യമായ മിലിറ്റന്‍സി ഇതിന്റെ ഭാഗമാണ്.

ഭീകരരവാദത്തിനെതിരെ മുസ്‌ലിംസമൂഹം അതിശക്തമായി രംഗത്തുവരേണ്ടതുണ്ട്. പക്ഷേ അത് ഭീകരവാദത്തെക്കുറിച്ച് ഔദ്യോഗിക ഭാഷ്യങ്ങള്‍ അന്ധമായി വിശ്വസിച്ചുകൊണ്ടല്ല. നമ്മുടെ നാട്ടിലെ ഭീകരവാദം അമേരിക്കയും പാകിസ്താനും നമ്മുടെ ഭരണ ഉദ്യോഗസ്ഥ സമൂഹത്തിലെ ഒരു വിഭാഗവും കുറേ തീവ്രവാദികളും പരസ്പരം അറിഞ്ഞും അറിയാതെയും ഒരുമിച്ചു ചേര്‍ന്ന് നടത്തുന്ന ഒരു മള്‍ട്ടി നാഷ്‌നല്‍ വ്യവസായമാണ്. സാമ്രാജ്യത്വം ഒരേസമയം നമ്മുടെ രാജ്യത്തെ തീവ്രവാദികളെയും ഭരണകൂത്തെയും സഹായിക്കുകയാണ്. ഇതിലൂടെ അവരുടെ രണ്ടു ശത്രുക്കളെ ഒരുമിച്ച് തകര്‍ക്കാന്‍ കഴിയുമെന്നവര്‍ കണക്കുകൂട്ടുന്നു. ഒരു രാജ്യമെന്ന നിലക്ക് ഇന്ത്യയെയും ഒരു ആഗോള ജനസമൂഹമെന്ന നിലക്ക് മുസ്‌ലിംകളെയും. ഈ കള്ളനും പോലീസും കളിയില്‍ ആര് ജയിച്ചാലും അമേരിക്കക്ക് ലാഭമാണ്. ഭരണകൂടം ജയിച്ചാലും തീവ്രവാദികള്‍ ജയിച്ചാലും, ഇന്ത്യ ജയിച്ചാലും പാകിസ്താന്‍ ജയിച്ചാലും. കാരണം സാമ്രാജ്യത്വം ഈ കളിയില്‍ തിരശ്ശീലക്ക് പിന്നിലാണ്. ഭീകരവാദത്തിന്റെ ഈ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ നമ്മുടെ ഒരു സ്ഥൂല രാഷ്ട്രീയത്തിനും സൂക്ഷ്മരാഷ്ട്രീയത്തിനും കഴിയുന്നില്ല. ഭീകരവാദ ഭീകരാന്വേഷണ വ്യവസായത്തിന്റെ അടുക്കളകളെ അനാവരണം നമ്മുടെ ഒരു മാധ്യമ പ്രവര്‍ത്തനത്തിനും സാധിക്കുന്നില്ലെന്നു മാത്രമല്ല അവരീ കൂട്ടുകെട്ടിലെ പ്രബലമായ ഒരു കണ്ണിയുമാണ്.

കുറവന്റെ കൈയിലെ കുരങ്ങനെ പോലെ നമ്മുടെ പോലീസുകാര്‍ കൊണ്ടുനടക്കുന്ന തടയിന്റവിട നസീറിനെ ഇത്രകാലവും സംരക്ഷിച്ചത് പോലീസ് തന്നെയാണെന്ന് പ്രബലമായി സംശയിക്കേണ്ടിയിരിക്കുന്നു. നായനാര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ നസീറിനെ അറസ്റ്റ് ചെയ്യാന്‍ അവന്റെ ഭാര്യവീട്ടില്‍ പോലീസ് വന്നിരുന്നു. അവനെ പിടിച്ചുകൊണ്ടുപോയ പോലീസ് പിന്നീട് കുറച്ചു സമയം കഴിഞ്ഞ് ആ വീട്ടില്‍വന്ന് അവന്‍ രക്ഷപ്പെട്ടുകളഞ്ഞു എന്നു പറഞ്ഞു. ഈ സംഭവം മാധ്യമങ്ങളില്‍ വിവരിച്ച അവന്റെ ഭാര്യാ മാതാവ് പറയുന്നത് പോലീസിന്റെ സഹായമില്ലാതെ അവന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല എന്നാണ്. നസീറിനെ രക്ഷിച്ചത് ഇടതുപക്ഷമാണോ വലതു പക്ഷമാണോ എന്ന് കക്ഷിരാഷ്ട്രീയ വാക്പയറ്റിനപ്പുറം നസീറിനെ രക്ഷിച്ചത് ഇടതുകാലത്തെയും വലതുകാലത്തെയും കേരളാ പോലീസാണ്.

ഭീകരത പലപ്പോഴും ഒരു പോലീസ് കൃഷി കൂടിയാണ്. ആവശ്യമുള്ളപ്പോള്‍ അവര്‍ അവരുടെ വിളവുകൊയ്‌തെടുക്കുന്നു. ഇത് ഈ 'കൊടുംഭീകരര്‍' ചിലപ്പോള്‍ അറിയുന്നു. മറ്റു ചിലപ്പോള്‍ അറിയുന്നില്ല. പോലീസും ഭരണകൂടവുമറിയാതെ ഇവിടെ ആരും ബസ് കത്തിക്കുന്നില്ല. ഒരു മുംബൈയിലും ഭീകരാക്രമണവും നടക്കുന്നില്ല. ഭരണകൂടമെന്നതിന് ആഗോളവത്കരണാനന്തര കാലത്ത് നമ്മുടെ നാട്ടിലെ അര്‍ഥം അമേരിക്കയില്‍ തുടങ്ങി നമ്മുടെ നാട്ടിലെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ അവസാനിക്കുന്നതാണ്.

ഇത്തരമൊരു തലം അരങ്ങു തകര്‍ക്കുന്ന മഅ്ദനി വേട്ടക്കുമുണ്ട്. എന്റെ സുഹൃത്തിനെ ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലീസ് പിടിച്ചു. ലൈസന്‍സ് കാണിക്കാന്‍ പറഞ്ഞു. അവന്‍ ലൈസന്‍സ് കാണിച്ചു. ഡ്രൈവിംഗില്‍ നിയമം തെറ്റിച്ചു എന്നു പറഞ്ഞു. അത് ശരിയായിരുന്നു എന്നവന്‍ പറഞ്ഞു സ്ഥാപിച്ചു. അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു. എന്നാല്‍ കുഴപ്പമില്ല ഞാന്‍ ഹെല്‍മറ്റിന് ചാര്‍ജ് ചെയ്തുകൊള്ളാം. ഇതുപോലെ മഅ്ദനിയെ കുടുക്കിയേ തീരൂ എന്ന് പോലീസ് നേരത്തേ തീരുമാനിച്ചിരിക്കുന്നു എന്നു തോന്നിപ്പിക്കുന്നതാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പി.ഡി.പിയുമായി രാഷ്ട്രീയ സംഖ്യമുണ്ടാക്കുമ്പോഴും പോലീസ് കസ്റ്റഡിയിലുള്ള പല പ്രതികളും മഅ്ദനി പല കേസിലും പ്രതിയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു മണി എന്ന യൂസുഫ്. പക്ഷേ തന്നെക്കൊണ്ട് പോലീസ് നിര്‍ബന്ധിച്ച് മഅ്ദനിയുടെ പേര് പറയിക്കുകയായിരുന്നു എന്ന് അയാള്‍ പിന്നീട് വെളിപ്പെടത്തി. ഭരണത്തിലുള്ള ഇടതുപക്ഷം കേസ് ഫയലുകള്‍പരിശോധിച്ച ശേഷം അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട ശേഷമാണ് മഅ്ദനിയുമായി സംഖ്യം കൂടാന്‍ തീരുമാനിച്ചതെന്നാണ് അന്ന് ഇടതു നേതാക്കളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. പക്ഷേ അപ്പോഴും പോലീസില്‍ ഒരു വിഭാഗം തുടരുന്ന മഅ്ഛനി വേട്ടയെ അഭിമുഖീകരിക്കാന്‍ ഇടതുപക്ഷം വിസമ്മതിച്ചു. അതിന്റെ വിലയാണ് അവര്‍ ഇപ്പോള്‍ ഒടുക്കിക്കൊണ്ടിരിക്കുന്നത്.

പാകിസ്താനില്‍ ഓരോ ദിവസവും പൊട്ടിത്തെറിക്കുന്നത് ആരുടെ സാധനമാണ്? അതിനു പിന്നില്‍ ആരുടെ കരങ്ങളാണ്? പാക് താലിബാന്‍ എന്ന കൊലയാളി സംഘം ആരുടെ വളര്‍ത്തു പുത്രനാണ്. ഇന്ത്യക്കും പാകിസ്താനും ശത്രുവായിരിക്കെതന്നെ അവര്‍ക്ക് വല്ല അവരറിയാത്ത പൊതുശത്രുക്കളുമുണ്ടോ?

കോസ്റ്റ് ഗാര്‍ഡ് രൂപീകരണത്തില്‍ പങ്കാളിയാവുകയും വെസ്റ്റ് ബംഗാളിലെ ഹാല്‍ദിയയില്‍ ഏറെക്കാലം ആ സേനയുടെ അമരക്കാരനായി ഇരിക്കുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അമരക്കാരനായി വിരമിക്കുകയും ചെയ്ത പ്രഭാകരന്‍ പലേരി പറയുന്നു: 'പുറത്തുനിന്ന് വല്ലവരും ആക്രമിക്കാന്‍ വരികയാണെങ്കില്‍ അതിനെ തടുക്കാനുള്ള എല്ലാ കഴിവും നമുക്കുണ്ട്. എന്തുകൊണ്ട്അത് ചെയ്യുന്നില്ല എന്നതില്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ.'' ഇന്ത്യയില്‍ ഏതു ഭീകര പ്രവര്‍ത്തനം നടന്നാലും അതിന്റെ ഉത്തരവാദിത്വം പാകിസ്താനാണെന്ന വാദം ശരിയാണോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുന്നു: ''പാകിസ്താനില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഇന്ത്യയുടെ നാശം കാത്തിരിക്കുന്ന എത്രയോ രാജ്യങ്ങളുണ്ട്. സൗഹൃദം നടിച്ചു നില്‍ക്കുന്ന രാജ്യങ്ങളെയാണ് ഏറ്റവും ഭയക്കേണ്ടത്. ഇന്ത്യയുടെ തകര്‍ച്ച കാത്തിരിക്കുന്ന, അതിനായി അവിശ്രമം ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പേര് എന്റെ നാവിന്‍ തുമ്പിലുണ്ട്. അത് പറയില്ല. രണ്ടാണ് കാരണം. ഒന്ന്, അതിനു നിരത്താന്‍ വ്യക്തമായ തെളിവുകള്‍ വേണം. രണ്ട്, ഞാന്‍ ഇപ്പോള്‍ അത് പറയുന്നത് ശരിയല്ല. എങ്കിലും അതുണ്ട് എന്നത് വാസ്തവം. നമ്മുടെ പ്രധാന ശത്രു ആരാണ്? പാകിസ്താന്‍? എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുന്നു. ''എന്തിനു പാകിസ്താനു നേരെ വിരല്‍ ചൂണ്ടുന്നു. അത് തെറ്റായ നിഗമനമാണ്. പാകിസ്താന്‍ വേറെ ശക്തികളുടെ അടിമകളായി, വേറെ ശക്തികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ഉപരിപ്ലവമായാണ് കാര്യങ്ങളെ കാണുന്നതെന്ന്. ഇന്ത്യയുടെ വളര്‍ച്ചയില്‍ പലര്‍ക്കും ഭയമാണ്. അവര്‍ നമ്മെ നശിപ്പിക്കാന്‍ പല മാര്‍ഗവും നോക്കും. പണ്ട് പാകിസ്താനും ചൈനയും യുദ്ധം ചെയ്തു. ഇന്ന് യുദ്ധത്തിന്റെ സാധ്യത കുറവാണ്. വേറെ ചിലര്‍ നമ്മുടെ കൃഷി നശിപ്പിക്കാന്‍ ഭക്ഷ്യ സഹായം നല്‍കി. ഭക്ഷ്യസാധനങ്ങള്‍ സൗജന്യമായി കിട്ടുമ്പോള്‍ എല്ലാവരും ഉദാസീനരാവുമല്ലോ?'' (കലാകൗമുദി 2009 ഡിസംബര്‍ 20).

ഭീകരവാദത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ വേട്ടയാടുന്നതിലൂടെ അതിന്റെ പിന്നിലെ യഥാര്‍ഥ ശക്തികളെ സമര്‍ഥമായി മറച്ചുവെക്കാന്‍ തല്‍പരകക്ഷികള്‍ക്ക് സാധിക്കുന്നു. ഇതിനര്‍ഥം ഇതില്‍ പ്രതികളായ മുസ്‌ലിംകളെല്ലാം നിരപരാധികളാണെന്നല്ല. അവരുടെ വന്യവികാരങ്ങളെ ഉപയോഗപ്പെടുത്തി വലിയ അജണ്ട നടപ്പാക്കുന്നു ആഭ്യന്തര വൈദേശിക ശക്തികള്‍ രക്ഷപ്പെടുന്നു എന്നു മാത്രമാണ്. ഈ അവിവേകികള്‍ ഒരു സമുദായത്തെ മൊത്തം നോണ്‍ അറസ്റ്റഡ് പുള്ളികളായി പിടിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയാണ്. ഇതുതന്നെയാണ് ഇവരുടെ പിന്നിലുള്ളവരുടെ താല്‍പര്യം.

ഓരോ സംഭവമുണ്ടാകുമ്പോഴും നമ്മുടെ സ്‌ക്രീനിലും പേജിലും മുസ്‌ലിംകള്‍ എത്രവേഗമാണ് കുറ്റപ്പത്രത്തില്‍ പ്രത്യേകം പേരില്ലാത്ത പൊതു കുറ്റവാളികളായി മാറുന്നത്. മുസ്‌ലിം മാനേജ്‌മെന്റിലുള്ള പത്രങ്ങള്‍ ഒരു രാത്രി കഴിഞ്ഞ് സൂര്യനുദിക്കുമ്പോഴേക്ക് നമ്മുടെ മാധ്യമ നിരൂപകര്‍ക്ക് മുസ്‌ലിം പത്രമായി മാറുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ ഒറ്റ ഹിന്ദു പത്രവും നായര്‍ പത്രവുമില്ല. ദേശീയ പത്രം മാത്രമേയുള്ളൂ. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പറഞ്ഞതുപോലെ ''ഒരു പക്ഷേ മലയാളി സമൂഹം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗുരതരമായ സാംസ്‌കാരിക രാഷ്ട്രീയ ഭീഷണി മാധ്യമങ്ങളുടെ ഹൃദയശൂന്യമായ വര്‍ഗീയ അജണ്ട തന്നെയാണ്.''

കേരളത്തിലെ ഇസ്‌ലാം നടുനിവര്‍ത്തി നിന്ന് ഏറെ ചെറുതെങ്കിലും വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന മുസ്‌ലിം സമൂഹത്തിലെ തീവ്രവാദ പ്രവണതയെ നേരിടണം. ഓരോ സംഘടനക്കും അവരുടെ മതവ്യാഖ്യാന ശൈലിയനുസരിച്ച് ഇതിനെതിരെ സമുദായത്തെ പൊതുവിലും പ്രവര്‍ത്തകരെ സവിശേഷമായും പ്രബോധിപ്പിക്കണം. അതിനു പകരം ഭീകരവാദത്തിന്റെ കാറ്റും കോളുമുണ്ടാകുമ്പോഴെല്ലാം അങ്ങേയറ്റം നിരുത്തരവാദപരമായി, ഇതിനകം അനേകം വാള്യങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞ മൗദൂദി തെറിപ്പാട്ട് പുനഃസംപ്രേഷണം ചെയ്തതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. മൗദൂദിയോട് നാം എത്ര വിയോജിച്ചാലും തീവ്രവാദത്തിന്റെ അധാര്‍മിക വ്യാവസായികത ഏറ്റവും നന്നായി തിരിച്ചറിഞ്ഞ ആധുനിക ഇസ്‌ലാമിക പണ്ഡിതനും നായകനുമാണദ്ദേഹം.

സാമ്രാജ്യത്വത്തിനും ഭരണകൂട ഭീകരതക്കും അരാഷ്ട്രീയവല്‍ക്കരണത്തിനുമെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമായാണ് മുസ്‌ലിം സമൂഹം തീവ്രവാദത്തിനെതിരായ സമരം ഏറ്റെടുക്കേണ്ടത്. അങ്ങനെ മാത്രമേ ഈ സമരത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ.
മുഹമ്മദ് വേളം

2010 സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ഖുര്‍ആനിന്‍റെ അമാനുഷികത

ഇ.എ. ജബ്ബാര്‍ അദ്ദേഹത്തിന്‍റെ 'സംവാദം' ബ്ലോഗിലെഴുതി: "തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്."

ഇസ്‌ലാം വിരോധം ഒരു ലഹരിയായി മാറിയാല്‍ പിന്നെ ഖുര്‍ആന്‍ വായിച്ചാല്‍ മനസ്സിലാകില്ല. നബിയോട് അവിശ്വാസികള്‍ അടയാളം ചോദിച്ചതും അത് നല്‍കാതിരുന്നതും ജബ്ബാര്‍ മക്കയില്‍ പോയി ഖനനം നടത്തി കണ്ടുപിടിച്ചതല്ലല്ലോ. ഖുര്‍ആനില്‍ നിന്ന് തന്നെയല്ലേ അത് കിട്ടിയത്. എല്ലാ തരത്തിലും മേന്‍മ സ്വയം അവകാശപ്പെടുകയും ഇത്പോലൊരു ഗ്രന്‍ഥം രചിക്കാന്‍ എതിരാളികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഖുര്‍ആന്‍ സ്വയം ഒരു പരാചയ സമ്മതം നടത്തും എന്ന് കരുതാന്‍ കഴിയില്ല. തോറ്റുകൊടുക്കുന്ന സ്വഭാവം ഖുര്‍ആനിനില്ല. അന്നും ഇല്ല; ഇന്നും ഇല്ല.

അല്ലാഹു, മുഹമ്മദ്, ഇസ്‌ലാം, മുസ്‌ലിം, ഖുര്‍ആന്‍, ഹദീസ്, മസ്ജിദ് തുടങ്ങി ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏത് പദം കേള്‍ക്കുമ്പോഴും ഉള്ളില്‍ വിരോധം, വെറുപ്പ്, വിദ്വേഷം, അവജ്ഞ, അസൂയ, നിഷേധം, അഹന്ത, അക്രമവാസന തുടങ്ങിയുള്ള ദുര്‍വികാരങ്ങള്‍ അലയടിച്ചൂയരുന്ന ഒരു മനസ്സിന്‌ ഖുര്‍ആനില്‍ എന്തെങ്കിലും നന്‍മയും കാണാനോ ഉള്‍ക്കൊള്ളാനോ കഴിയുകയില്ല.

അല്‍ഭുത അടയാളങ്ങളെക്കുറിച്ചാണല്ലോ ചര്‍ച്ച. മുഹമ്മദ് നബി അദ്ദേഹത്തിന്‍റെ പ്രക്വാചകത്വം തെളിയിക്കാന്‍ മുന്‍ പ്രവാചകന്‍മാര്‍ കാണിച്ചത് പോലുള്ള അടയാളങ്ങള്‍ കാണിച്ചിരുന്നുവെങ്കില്‍ യുക്തിവാദികള്‍ വിശ്വസിക്കുമായിരുന്നോ? അത്തരം അല്‍ഭുതങ്ങള്‍ കാണിച്ച പ്രവാചകന്‍മാരെയെല്ലാം യുക്തിവാദികള്‍ വിശ്വസിച്ചിട്ടുണ്ടോ? അവയൊക്കെ കെട്ടുകഥകളാണെന്നല്ലേ യുക്തിവാദ മതം പറയുന്നത്? ഇനി മുഹമ്മദ് നബി അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തിന്‍റെ തെളിവായി ചില 'നൈമിഷിക അടയാളങ്ങള്‍' കാണിച്ചിരുന്നു എന്നിരിക്കട്ടെ; അദ്ദേഹത്തിന്‌ ശേഷം ലോകാവസാനം വരെ 'അവന്‍ പണ്ട് അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയിട്ടുണ്ടായിരുന്നു' എന്ന് ഉപദേശി ശൈലിയില്‍ പ്രസംഗിച്ചു നടന്നാല്‍ മതിയാകുമായിരുന്നോ ഈ ശാസ്ത്രയുഗത്തില്‍ ഇസ്‌ലാം പ്രബോധനം ചെയ്യാന്‍? അതല്ല ഇന്നും സജീവമായി നിലനില്‍ക്കുന്ന വല്ല അടയാളവും വേണമായിരുന്നോ? ഏതാണ്‌ യുക്തി അംഗീകരിക്കുന്നത്? ഇവയില്‍ രണ്ടാമത്തേതാണ്‌ ഖുര്‍ആന്‍ തെരഞ്ഞെടുത്തത്.
"അവര്‍ ചോദിക്കുന്നു:എന്ത്കൊണ്ടാണ്‌ അവന്ന് അല്‍ഭുത അടയാളങ്ങള്‍ ഇറക്കപ്പെടാത്തത് എന്ന്. നീ പറയുക: അടയാളങ്ങള്‍ അല്ലാഹുവിങ്കലാകുന്നു. നീ താക്കീതുകാരന്‍ മാത്രമാണ്‌. അവര്‍ക്ക് ഓതിക്കൊടുക്കപ്പെടുന ഒരു ഗ്രന്‍ഥം നിനക്ക് നാം ഇറക്കിത്തന്നു എന്നത് (അടയാളമെന്ന നിലയില്‍) അവര്‍ക്ക് മതിയായിട്ടില്ലേ? വിശ്വസിക്കുന്ന ജനതക്ക അതില്‍ കാരുണ്യവും മാര്‍ഗ്ഗ ദര്‍ശനവും ഊഉണ്ട്. (ഖുര്‍ആന്‍ 29/50, 51)
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്ന് അടയാളമില്ല എന്നല്ല; അടയാളം ഖുര്‍ആനാണ്‌ എന്നാണ്‌ പറഞ്ഞത്. അതാണ്‌ ഈ സൂക്തതിലുള്ളത്.
മുഹമദ് നബി അന്ത്യപ്രവാചകനാണ്‌. അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തിന്‍റെ അടയാളം ലോകാവസാനം വരെ നിലനില്‍ക്കുന്ന ഒന്നാകണം. ഇതാണ്‌ അല്ലാഹുവിന്‍റെ തീരുമാനം. അത്കൊണ്ടാണ്‌ അവിശ്വാസികള്‍ പ്രവാചകത്വത്തിന്‍റെ അടയാളം ചോദിച്ചപ്പോള്‍ അത് ഖുര്‍ആനാണ്‌ എന്ന് പറഞ്ഞത്. സാധിക്കുമെങ്കില്‍ ഇത് പോലൊരു ഗ്രന്‍ഥം രചിക്കാന്‍ അവിശ്വാസികളെ ഖുര്‍ആന്‍ വെല്ലുവിളിച്ചു. (ഖുര്‍ആന്‍ 28:49) ) അവര്‍ ശ്രമിക്കാഞ്ഞിട്ടല്ല; പക്ഷെ പരാചയപ്പെടുക കയും പരിഹാസ്യരാവുകയുമാണ്‌ ചെയ്തിരുന്നത്. ആ വെല്ലുവിളികള്‍ ഇപ്പോഴും ഖുര്‍ആനിലുണ്ട്. ഖുര്‍ആന്‍ ദൈവികമല്ല എന്ന് വാദിക്കുന്നവര്‍ക്ക് തത്തുല്യമായ ഒന്ന് രചിച്ചു കാണിച്ച് വെല്ലുവിളി നേരിടാവുന്നതാണ്‌. മുഹമ്മദ് നബി മറ്റ് അല്‍ഭുതങ്ങള്‍ കാണിച്ചിട്ടില്ല എന്ന് മേല്‍ പറഞ്ഞതിന്ന് അര്‍ത്ഥമില്ല. മറിച്ച് പ്രവാചകത്വത്തിന്‍റെ അടയാളമായി കാണിച്ചിട്ടില്ലെന്ന് മാത്രമാണ്‌ ഉദ്ദേശിച്ചത്.
ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം: മൂസാ നബിയുടെ വടി കൊണ്ട് അദ്ദേഹം കാണിച്ച മൂന്ന് അടയാളങ്ങളുണ്ട്. ഒന്ന്: വടി പാമ്പായത്. ഇത് ഫറോവയ്ക്ക് മുമ്പില്‍ പ്രവാചകത്വം തെളിയിക്കാന്‍ വേടി കാണിച്ചതാണ്‌. രണ്ട്: വടികൊണ്ട് ചെങ്കടലില്‍ അടിച്ചതും അത് പിളര്‍ന്നതും. ഇത് ശത്രുവില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കാണിച്ച അടയാളമാണ്‌. മൂന്ന്: വടികൊണ്ട് പാറയില്‍ അടിച്ചതും അതില്‍ നിന്ന് 12 ഉറവകള്‍ ഒഴുകിയതും. ഇത് ഒരു ആവശ്യം നിര്‍വ്വഹിക്കാന്‍ വേണ്ടി കാണിച്ചതാണ്‌. ഇതില്‍ ഒന്നാം ഇനത്തില്‍ മുഹമ്മദ് നബിയുടെ അടയാളം ഖുര്‍ആന്‍ മാത്രമാണ്‌. മറ്റു രണ്ടിനങ്ങളില്‍ പെട്ട അടയാളങ്ങള്‍ വേറെയുണ്ട്.

ഖുര്‍ആനിന്‍റെ സാഹിത്യ ഭംഗി, ആകര്‍ഷകത്വം, വശ്യത, മനുഷ്യ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താനുള്ള കഴിവ്, ലോകത്ത് വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍, പ്രായോഗികമായ ഒരു ജീവിത വ്യവസ്ഥയുടെ സമര്‍പ്പണം, ജീവിത വ്യവസ്ഥയുടെ പ്രയോഗവല്‍ക്കരണത്തിന്‌ മേല്‍നോട്ടം വഹിച്ചത്, പ്രാകൃതാവസ്ഥയിലായിരുന്ന ഒരു ജനതയെ ലോകത്തിന്‍റെ കടിഞ്ഞാണ്‍ പിടിക്കാന്‍ പോന്ന നിലവാരത്തിലേക്ക് വളര്‍ത്തിയത്, പൂര്‍വ്വകാല സംഭവങ്ങള്‍ അബദ്ധമുക്തമായി വിവരിച്ചത്, പൂര്‍വ്വ വേദങ്ങളായി കണക്കാക്കപ്പെടുന്ന ഗ്രന്‍ഥങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്, പ്രവചനങ്ങള്‍ നടത്തിയത്, അവ പുലര്‍ന്നത്, പൂര്‍വ്വ സമുദായങ്ങളുടെ വിശ്വാസ ആചാര സമ്പ്രദായങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്, അതിലൂടെ അവരെ ചിന്തിപ്പിച്ചതും പരിവര്‍ത്തിപ്പിച്ചതും, മനുഷ്യജീവിതത്തിന്‍റെ സകല മേഖലകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത് ഇങ്ങനെ നിരവധി പ്രത്യേകതകളുള്ള ഒരു അതുല്യ കൃതിയാണ്‌ വിശുദ്ധ ഖുര്‍ആന്‍. അത് പോലൊന്ന് രചിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഈ ഗുണങ്ങളുള്ള ഒരു കൃതി രചിക്കാനാണ്‌ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 14 നൂറ്റാണ്ടായി നേരിടന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ വെല്ലുവിളി നേരിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്‌.

മനുഷ്യന്‍റെ വിശ്വാസം, ആരാധന, മറ്റ് ആത്മീയ കാര്യങ്ങള്‍, പെരുമാറ്റ മര്യാദ, കുടുംബ ജീവിതം, സാമൂഹിക ബന്ധം, ജനക്ഷേമം, ഇടപാടുകള്‍, ഭരണം, സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍, നീതിന്യായ സംവിധാനം, സാമ്പത്തിക ശാസ്ത്രം, യുദ്ധം, സമാധാനം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നു തുടങ്ങി മനുഷ്യ ജീവിതതെ ബാധിക്കുന്ന സകല മേഖലകളിലും ഖുര്‍ആന്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. അവ പ്രായോഗികമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
ഇതിനെ എതിര്‍ക്കുന്ന യുക്തിവാദികള്‍ക്ക് പകരം സമര്‍പ്പിക്കാന്‍ എന്തുണ്ട്? നിങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള ബദലുകള്‍ സമര്‍പ്പിക്കൂ..

2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

Holy Qur'an


Very interesting findings from
Holy Qur'an
Amazingly, how many times
the following words appear in HOLY QUR'AN
Salat 5 , Month 12 , Day 365 ,
Sea 32 , Land 13
Sea + land = 32 + 13= 45
Sea = 32/45 = 71.11111111%
Land =13/45= 28.88888889%
Sea + land 100.00%
Modern science has only recently proven that the water covers
71.111% of the
earth, while the land covers 28.889%.
Is this a coincidence? Question is that
Who taught Prophet Muhammed (S) all this?
Reply automatically comes in mind that
ALMIGHTY ALLAH
taught him.
This as the
Holy Qur'an.

2010 സെപ്റ്റംബർ 15, ബുധനാഴ്‌ച

ഒരാള്‍ക്ക് എത്ര ഭൂമി വേണം


ഒരാള്‍ക്ക് എത്ര ഭൂമി വേണം?

വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരു കഥയുണ്‍ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്.

രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരം ചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാ ക്കാം.

ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹ മെന്ന ഒരു ചെറുപ്പക്കാരനും ഉണ്‍ടായിരുന്നു. രാവിലെ തന്നെ കൊട്ടാരത്തിലെത്തിയ പാഹമിന് രാജസേവകന്‍ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍ നടപ്പാരംഭിച്ചു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന് ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി. ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല. ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക് കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ അനസ്യൂതം തുടര്‍ ന്നു.
ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് പാഹം എത്ര ഭൂമി സ്വന്തമാക്കി എന്ന് ചോദി ച്ചു.

“ആറടി മണ്ണ്” സേവകന്‍ ഉത്തരം പറ ഞ്ഞു.

യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്? വെള്ളം കുടിക്കാതെയും ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു. ആറടി മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു.

ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്‍ടോ? മനസ്സിരുത്തി ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെ യല്ലെ?

വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലില്ലേ നാമോരുത്തരും! ശരിക്കൊന്നു വിശ്രമിക്കാനാകാതെ, നന്നായി ഒന്നുറങ്ങാന്‍ കഴിയാതെ, കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിക്കാനാകാതെ മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍ സാധിക്കാതെ എവിടേയ്ക്കാണീ ദ്രൂത ഗമ നം?

വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്. ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍ ഇറങ്ങിയിരിക്കും. ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി വരുമ്പോഴേയ്ക്കും ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും. കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ അപൂര്‍വ്വമായിരിക്കും. ആരാധനയ്ക്കും കുട്ടായ്മയ്ക്കൂമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും. എല്ലാം ബാങ്ക് ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്‍ടി മാത്രം.

ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ് ഓവര്‍ടൈമൊക്കെ ധാരാളം ചെയ്യുന്നത്. പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന ചിന്തയും മനക്കോട്ടയിലുണ്‍ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയു ന്നില്ല.

ഡയബെറ്റിസ് ആയതുകൊണ്‍ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി നില്‍ക്കുന്നതുകൊണ്‍ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍ എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി?

ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മനഃസാക്ഷി നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്‍ട്. എല്ലാം മറന്ന് ഓടിയതുകൊണ്‍ട് എന്തു നേടി? വിവിധ ഡോക്‌ടേഴ്‌സിന്റെ മുറികളില്‍ കയറിയിറങ്ങാനോ? സുന്ദര സൗധങ്ങള്‍ പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍ ചികിത്‌സ തേടി കിടക്കാനോ? വലിയ വീട്ടിലെ പാറ്റയുടെയും പല്ലിയുടെയും കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ?

കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല. അവരൊക്കെ നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമാകാകിയിരക്കുകയല്ലേ?
പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു ഗണിക്കാന്‍ അതുമാത്രം ഫലം.


എന്നാല്‍ നഷ്ടമാകാത്തതും നിലനില്‍ക്കുന്നതും മരണത്തിനപ്പുറത്തും ശാശ്വതമായിരിക്കുന്നതുമായ ഒരു വസ്തുതയുണ്‍ട്. സൊര്ഗ ത്തിലുള്ളനിത്യമായ വാസം! ഓട്ടം അവിടുത്തെ രാജ്യത്തിനു വേണ്‍ടിയാകട്ടെ. പ്രതിഫലം ആരും നമ്മില്‍ നിന്ന് എടുത്തുകളയുകയില്ല, നിശ്ച യം.

പ്രവാചകനിന്ദ: ശിക്ഷയും മാപ്പും

പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
കെ.കെ.ആലിക്കോയ
http://notable-notes.blogspot.com/2010/09/blog-post_14.html

പ്ര. ജോസഫ് ചെയ്ത, പ്രവാചക നിന്ദ, തെറ്റ് തന്നെയാണ്‌. പക്ഷെ ആ
തെറ്റിനുള്ള ശിക്ഷ നല്‍കാന്‍ കോടതിക്കേ അധികാരമുള്ളൂ. അത്കൊണ്ട്
പ്രഫസറുടെ കൈവെട്ടിയ നടപടിയും തെറ്റ് തന്നെ.
എന്നാല്‍ ചിലര്‍, പ്രവാചക നിന്ദ കുറ്റമല്ലെന്നോ, അല്ലെങ്കില്‍ ജോസഫ്
പ്രവാചകനെ നിന്ദിച്ചിട്ടില്ലെന്നോ വാദിക്കുന്നു. വേറെ ചിലരാകട്ടെ
കൈവെട്ട് തെറ്റല്ലെന്ന് വാദിക്കുന്നു.
അറബിയില്‍ ഒരു ചൊല്ലുണ്ട്: الخطأ خطأ أيّ كان فاعله (കര്‍ത്താവ്‌
ആരായിരുന്നാലും തെറ്റ് തെറ്റ് തന്നെയാണ്‌.) ഒരു തെറ്റ് കാണുമ്പോള്‍ അത്
ചെയ്തയാളുടെ ജാതി, മതം, പാര്‍ട്ടി, സാമ്പത്തിക സ്ഥിതി, സാമൂഹിക
അന്തസ്സ്, നമ്മളുമായുള്ള ബന്ധം തുടങ്ങി ഒന്നും പരിഗണിക്കാതെ അത്
തെറ്റാണെന്ന് പറയാന്‍ നമുക്ക് കഴിയണം. ഈ സാമാന്യ നീതിബോധം
നഷ്ടപ്പെടുന്നവരാണ്‌ പ്രവാചകനിന്ദയെയും കൈവെട്ടിനെയും
ന്യായീകരിക്കുന്നത്.

ജോസഫിനെ പലരും ന്യായീകരിച്ചു കാണുന്നു. അദ്ദേഹം ബോധപൂര്‍വ്വം
ചെയ്തതല്ലെന്ന് ചിലര്‍.
എന്നാല്‍ ദൈവം, മുഹമ്മദ് ഇവ രണ്ടും ചേര്‍ത്ത് പറയുമ്പോള്‍ അത് ഒരു
സമുദായത്തെ വേദനിപ്പിക്കുമെന്ന് അദ്ദേഹത്തിന്ന് മനസ്സിലായില്ലെന്ന്
വിശ്വസിക്കാന്‍ സാധ്യമല്ല; ന്യൂമാന്‍ കോളേജിന്‍റെ മാനേജ്മെന്‍റ്‌ പോലും
അതിന്ന് തയ്യാറാകുന്നില്ല.
പടച്ചോനേ എന്ന് ദൈവത്തെ വിളിക്കുന്നത് മുസ്‌ലിംകളായത് കൊണ്ടാണ്‌
വിളിക്കുന്ന ആള്‍ക്ക് മുസ്‌ലിം നാമം നല്‍കാമെന്ന് വച്ചതെന്ന് പ്രഫസര്‍ പറ
യുന്നു. മുസ്‌ലിംകളില്‍ ഏറ്റവും കൂടുതല്‍ ഉള്ള പേര്‌ മുഹമ്മദാണെന്നും
അത്കൊണ്ടാണ്‌ അത് തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വേറെയുമുണ്ട് ന്യായീകരണം. ഈ ഭാഗം പി.ടി കുഞ്ഞു മുഹമ്മദിന്‍റെ
പുസ്തകത്തില്‍ നിന്നുള്ളതാകയാല്‍ അദ്ദേഹത്തിന്‍റെ പേരില്‍ നിന്ന് കുഞ്ഞു
ഒഴിവാക്കി മുഹമ്മദ് കഥാപാത്രത്തിന്‌ നല്‍കാമെന്ന് വച്ചത്രെ. അപ്പോള്‍
പ്രഫസര്‍ സമയമെടുത്ത് ആലോചിച്ച് ബോധപൂര്‍വ്വം ഈ പേര്‌
തെരഞ്ഞെടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇനി ആ കഥാപാത്രത്തിന്‌
മുഹമ്മദ് എന്ന് പേര്‌ നല്‍കിയത് പ്രഫസര്‍ക്ക് സംഭവിച്ച
ഒരബദ്ധമായിരുന്നുവെങ്കില്‍ വിവാദ ചോദ്യം വെളിച്ചം കാണുന്നതിന്ന് മുമ്പ്
തന്നെ ഡി.ടി.പി. ഓപറേറ്റര്‍ അപകടം സൂചിപ്പിച്ചിരുന്നു വല്ലോ;
എന്ത്കൊണ്ട് പ്രഫസര്‍ അത് കാണാന്‍ കൂട്ടാക്കിയില്ല? ഈ ചോദ്യത്തിന്ന്
ഉത്തരമെഴുതിയ ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസിലൂടെ
പ്രധിഷേധിച്ചിട്ടുണ്ട്; അപ്പോഴെങ്കിലും എന്ത് കൊണ്ട് പ്രശ്നം
പരിഹരിക്കാന്‍ ശ്രമിച്ചില്ല? അപ്പോള്‍ മനഃപൂര്‍വ്വം തന്നെയാണ്‌ എല്ലാം
ചെയ്തതെന്ന് വ്യക്തം. എന്ന് തന്നെയാണ്‌ കോളേജധികൃതരും പറയുന്നത്.
അത്കൊണ്ടാണല്ലോ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

പി.ടി. യുടെ ഈ തമാശ ഇന്ന് വരെ ആരെയും വേദനിപ്പിച്ചതായി അറിയില്ല. ഈ
തമാശകൊണ്ട് ഉദ്ദേശിച്ചതെന്തോ അത് നേടാതെ പോയിട്ടുമില്ല. എല്ലാ
ചിഹ്നങ്ങളും നല്‍കാന്‍ കഴിയുന്ന ഒരു ഉദ്ധരണി എന്ന നിലയിലാണ്‌ ഇത്
തെരഞ്ഞെടുത്തതെന്നാണല്ലോ പ്രഫസറുടെ വിശദീകരണം. പടച്ചോനേ പടച്ചോനേ എന്ന്
വിളിക്കുന്ന ആ കഥാപാത്രത്തിന്ന് പി.ടി. കുഞ്ഞു മുഹമ്മദ് നല്‍കിയ അതേ
പേര്‌ (ഭ്രാന്തന്‍) തന്നെ നല്‍കിയിരുന്നുവെങ്കില്‍ ഏത് ചിഹ്നമായിരുന്നു
ചേര്‍ക്കാന്‍ കഴിയാതെ പോകുമായിരുന്നത്?
എങ്ങനെ നോക്കിയാലും ആ കഥാപാത്രത്തിന്‍റെ പേര്‌ ഭ്രാന്തന്‍ എന്ത് തന്നെ
ആകുന്നതായിരുന്നു ഏറ്റവും നല്ലത്.
പക്ഷെ അതിന്ന് വിവേകവും, ഔചിത്യ ബോധവും കാണിക്കണമായിരുന്നു. പ്രഫസര്‍ അത്
കാണിച്ചില്ല. ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നവര്‍ക്കെങ്കിലും
അതാകാവുന്നതാണ്‌.

ഒരാളുടെ പ്രവൃത്തി എത്ര കടുത്ത മതനിന്ദ ആയിരുന്നാലും അതിനെതിരെ സമുദായം
ആയുധമെടുക്കരുത്; നിയമപരമായി മാത്രമേ നേരിടാവൂ. ഇവിടെയുള്ളത് ഇസ്‌ലാമിക
ഭരണമായിരുന്നാല്‍ പോലും അതേ ചെയ്യാന്‍ പറ്റുകയുള്ളു. നിയമം
കയ്യിലെടുക്കാന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല.

സമുദായത്തിലെ ചിലരുടെ അവിവേകം മൂലം ഈ ചര്‍ച്ചയുടെ ഗതി തന്നെ
മാറാനിടയായി. പ്രവാചകനിന്ദക്ക് പകരം കൈവെട്ട് ചര്‍ച്ചവിഷയമായി. ജോസഫ്
പ്രതിയാകുന്നതിന്ന് പകരം മുസ്‌ലിം സമുദായം പ്രതിയാവുകയും ചെയ്തു. ഒരു
ഹിന്ദുവോ ക്രിസ്ത്യാനിയോ തെറ്റ് ചെയ്താല്‍ അത് ആ വ്യക്തികളുടെ മാത്രം
കുറ്റം. എന്നാല്‍ ഒരു മുസ്‌ലിം തെറ്റ് ചെയ്താലോ അത് സമുദായത്തിന്‍റെ
കുറ്റം! മതത്തിന്‍റെ കുറ്റം! പ്രവാചകന്‍റെ കുറ്റം! അതാണല്ലോ നമ്മുടെ ഒരു
സ്റ്റൈല്‍.

കൈവെട്ട് പ്രഫസര്‍ക്ക് ലഭിച്ച ശിക്ഷയായി പരിഗണിച്ച് അദ്ദേഹത്തിന്‌ മാപ്പ്
നല്‍കണമെന്ന് ചിലര്‍ വാദിക്കുന്നു. ഇതും ന്യായീകരിക്കത്തക്കതല്ല.
കൈവെട്ടിയവര്‍ പ്രഫസറെ ശിക്ഷിക്കാന്‍ അധികാരമുള്ളവരായിരുന്നില്ല; അത്
കൊണ്ട് അത് ശിക്ഷയല്ല; അക്രമമാണ്‌. അക്രമികള്‍ ശിക്ഷിക്കപ്പെടണം.
അക്രമത്തിന്നിരയായ ആള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുകയും വേണം. അതാണ്‌
നീതിയുടെ താല്പര്യം. അക്രമത്തെ ശിക്ഷയായി പരിഗണിക്കുന്നത് അക്രമിച്ചവരെ
നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി ചിത്രീകരിക്കുന്നതിന്ന് തുല്യമായ
നടപടിയാണ്‌. അങ്ങനെ വരുമ്പോള്‍ അവരെ ശിക്ഷിക്കുന്നതിന്നുള്ള ന്യായം
നഷ്ടമാവുകയും ചെയ്യും. അത്കൊണ്ട് പ്രവാചക നിന്ദയും കൈവെട്ടും തമ്മില്‍
കൂട്ടിക്കുഴക്കുന്നത് ശരിയല്ല.

ഇനി കൈവെട്ട് പ്രഫസര്‍ ജോസഫിന്ന് ലഭിച്ച ശിക്ഷയായി പരിഗണിക്കാതെ,
നിരുപാധികം അദ്ദേഹത്തിന്ന് മാപ്പ് നല്‍കാന്‍ മുസ്‌ലിം സമുദായം
തയ്യാറാകുമെങ്കില്‍ അത് മഹത്തായ, പ്രവാചക മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന,
ഒരു നടപടിയായിരിക്കും. ആ വഴിക്ക് ആലോചിക്കുന്നത് എന്ത് കൊണ്ടും വളരെ
നല്ലത് തന്നെ. പക്ഷെ അദ്ദേഹം കുറ്റം സമ്മതിക്കുമ്പോള്‍ മാത്രമാണ്‌
മാപ്പിനെക്കുറിച്ച് ആലോചിക്കേണ്ടത്. ഇതിന്നദ്ദേഹം തയ്യാറല്ലെങ്കില്‍,
പിന്നെ നല്ലത്, അദ്ദേഹം കുറ്റം ചെയ്തോ ഇല്ലേ എന്ന് കോടതി തീരുമാനിക്കട്ടെ
എന്ന് വയ്ക്കുന്നതാണ്‌.