2010 ജനുവരി 20, ബുധനാഴ്‌ച

ജമാഅത്തെ ഇസ്ലാമിക്ക് ഒരു പൊന്‍തുവ്വല്‍




ഈ ജനുവരി 24-നു കേരള ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിന്റെ പ്രശാന്തസുന്ദരമായ നിളാതീരം സാക്ഷിയാവുകയാണ്. വനിതകളാല്‍ നടത്തപ്പെടുന്ന വനിതകളുടെ സമ്മേളനമായിരിക്കും ഇത്. ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇങ്ങനെയൊരു വനിതാ സംഗമം കേരളത്തിലാദ്യമാണ്.2006 ല്‍ ജമാഅത്തെ ഇസ്ലാമി ആന്ദ്രാപ്രദേശ് & ഒറീസ ഘടകം സംഘടിപ്പിച്ച വനിതാസമ്മേളനം മുക്കാല്‍ ലക്ഷത്തോളം സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ചരിത്രം നമുക്ക് മുമ്പിലുണ്ട്. കേരള മുസ്ലിം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട ഈ സംഗമത്തിന്റെ സംഘാടകര്‍ ജമാഅത്തെ ഇസ്ലാമി ആയത് യാദൃഛികമല്ല. കേരളത്തിലാദ്യമായി മുസ്ലിം പെണ്‍കുട്ടികള്‍ക്കു മാത്രമായി വിദ്യാലയം സ്ഥാപിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. ആദ്യമായി ഒരു ഇസ്ലാമിക സംഘടനക്കു വനിതാ വിംഗ് രൂപീകരിച്ചതും സംഘടനയുടെ കേന്ദ്ര സംസ്ഥാന നേതൃസമിതികളില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയതും ജമാഅത്തെ ഇസ്ലാമി തന്നെ. അതിന്റെയൊക്കെ രചനാത്മകമായ സ്വാധീനം ഇതര മുസ്ലിം സംഘടനകളിലും പ്രതിഫലിക്കുന്നുവെന്നത് ശുഭോദര്‍ക്കമായ വസ്തുതയാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരെ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുണ്ട മുള്‍മുറികളിലടച്ചിട്ടവര്‍ക്കെതിരെ സ്ത്രീപക്ഷത്തുനിന്നുള്ള പടഹധ്വനിയായിരിക്കും ജനുവരി 24-ന് കുറ്റിപ്പുറത്തുനിന്നുയരുക. അനുകൂലിക്കുന്നവര്‍ക്കെന്ന പോലെ പ്രതിയോഗികള്‍ക്കും അതിന്റെ ഇംപാക്ടില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. തങ്ങളുടെ പക്ഷത്തുനിന്നുള്ള സ്ത്രീസമൂഹങ്ങളുടെ വിമോചനത്തിനും ഉന്നമനത്തിനും കൂടുതല്‍ പരിഗണന നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാകണം. കുറ്റിപ്പുറം സമ്മേളനം വിസ്മൃതമായാല്‍ പോലും അതുയര്‍ത്തിയ സൃഷ്ടിപരമായ തരംഗങ്ങള്‍ എല്ലാ മുസ്ലിം സംഘടനകളുടെയും വനിതാ വികസന പരിപ്രേക്ഷ്യങ്ങളില്‍ അടങ്ങാതെ നിലനില്‍ക്കണം. അത്തരം ഒരു പരിപാടിയായിട്ടാണ് 'സാമൂഹ്യ വിപ്ളവത്തിന് സ്ത്രീശക്തി' എന്ന പ്രമേയത്തെ ആധാരമാക്കി സംഘടിപ്പിക്കുന്ന ഈ മഹാസംഗമം വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്.
മുസ്ലിം സമുദായം മൊത്തത്തില്‍ പിന്നാക്ക-ദരിദ്ര വിഭാഗമാണ്. അവരിലെ സ്ത്രീകള്‍ കൂടുതല്‍ അധഃസ്ഥിതരും അബലരുമാവുക സ്വാഭാവികം. ഇതര സമുദായങ്ങളിലും സ്ത്രീപക്ഷം അത്രയൊന്നും ശക്തമല്ല. എല്ലാ ജാതി-മതപാര്‍ട്ടികളിലും സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്ക് ഇവിടെ കുറവൊന്നുമില്ല. സര്‍ക്കാര്‍ ഭാഗത്തുമുണ്ട് സ്ത്രീസംരക്ഷണനിയമങ്ങളും ക്ഷേമപരിപാടികളും ഏറെ. കേന്ദ്ര-ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ 30 ശതമാനം സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ പോകുന്നു. സംസ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ക്ക് സംവരണം ചെയ്തുകഴിഞ്ഞു. ഇതൊക്കെയായിട്ടും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളും ബലാല്‍ക്കാരങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിമോചനം സാധ്യമാകാന്‍ വനിതകള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും ഇനിയും ഏറെ ശക്തിപ്പെടേണ്ടിയിരിക്കുന്നു. സംഘടനയും സംഘടനകള്‍ തമ്മിലുള്ള സഹകരണവുമാണ് ശക്തിയുടെ സ്രോതസ്സ്. ഈ വഴിക്കുള്ള വനിതാ ശാക്തീകരണം തന്നെയാണ് കുറ്റിപ്പുറം സമ്മേളനത്തിന്റെ ലക്ഷ്യം.














അഭിപ്രായങ്ങളൊന്നുമില്ല: