2011 ഫെബ്രുവരി 12, ശനിയാഴ്‌ച

എന്താണ് ജിഹാദ്?

---------------------------------------------


A
'ജിഹാദി'ന്റെ ക്രിയാപദമായ 'ജഹദ' എന്ന അറബിപദത്തിന്റെ ഭാഷാര്‍ഥം കഠിനാധ്വാനം ചെയ്തു, ബുദ്ധിമുട്ടി എന്നൊക്കെയാണ്. സാങ്കേതികമായി സമരം, പോരാട്ടം എന്നീ ആശയങ്ങള്‍ക്ക് വിശുദ്ധഖുര്‍ആന്‍ ജിഹാദ് എന്നപദം പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹു ഇഷ്ടപ്പെടുന്ന സത്യവിശ്വാസവും സല്‍കര്‍മങ്ങളും സമ്പാദിക്കുവാനും അവന്‍ വെറുക്കുന്ന സത്യനിഷേധവും അധര്‍മവും അനുസരണക്കേടും ചെറുക്കുവാനുമുള്ള പ്രയത്നമാണ് ജിഹാദിന്റെ യാഥാര്‍ഥ്യം. ആധികാരിക പണ്ഡിതനായിരുന്ന ശൈഖുല്‍ ഇസ്ളാം ഇബ്നുതൈമിയ്യയുടേതാണ് ഈ വിശദീകരണം. ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാതചിന്തകനായിരുന്ന സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ജിഹാദിനെ ഇങ്ങനെ പരിചയപ്പെടുത്തി. 'മനുഷ്യരാശിക്ക് അല്ലാഹു അവതരിപ്പിച്ച സന്ദേശം ഏതൊരു പരിവര്‍ത്തനം സൃഷ്ടിക്കാനാണോ ഉദ്ദേശിക്കുന്നത് അതിനുവേണ്ടി നിയമാനുസൃത മാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ട് ചെയ്യുന്ന എല്ലാ വിധത്തിലുള്ള ശ്രമങ്ങളും അധ്വാനങ്ങളും സമരങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രപദമാണ് ജിഹാദ്.' (ഉദ്ധരണി: അല്‍ജിഹാദ് - ഡോ. മുഹമ്മദ് നഈം യാസിന്‍, പുറം 6 ) ജിഹാദിന്റെ വിവക്ഷയും അര്‍ഥവ്യാപ്തിയും പ്രാധാന്യവും വ്യക്തമാക്കുന്നതാണ് താഴെ ചേര്‍ത്ത ഖുര്‍ആന്‍ സൂക്തങ്ങള്‍.

‘സത്യനിഷേധികള്‍ക്ക് താങ്കള്‍ വഴങ്ങരുത്. ഖുര്‍ആന്‍ കൊണ്ട് അവരോട് മഹത്തായ ജിഹാദിലേര്‍പ്പെടുക.’ (25 : 52)

ഖുര്‍ആന്‍ കൊണ്ടുള്ള ജിഹാദ് ആശയസമരമാണെന്ന് വ്യക്തം. ഈ സൂക്തമാകട്ടെ പ്രവാചകനും അനുയായികള്‍ക്കും സായുധപ്രതിരോധത്തിന് അനുമതി ലഭിക്കാതിരുന്ന മക്കാജീവിതകാലത്ത് അവതരിച്ച അല്‍ഫുര്‍ഖാന്‍ അധ്യായത്തിലേതാണ് താനും.

'വിശ്വാസികളേ നിങ്ങള്‍ (ദൈവത്തിനുമുമ്പില്‍) കുനിയുകയും പ്രണമിക്കുകയും നിങ്ങളുടെ നാഥന് കീഴ്വണങ്ങുകയും ചെയ്യുവിന്‍. നിങ്ങള്‍ ന• പ്രവര്‍ത്തിക്കുവിന്‍, നിങ്ങള്‍ വിജയിച്ചേക്കാം. ദൈവ മാര്‍ഗത്തില്‍ നിങ്ങള്‍ ജിഹാദ് ചെയ്യേണ്ടവിധം ജിഹാദ് ചെയ്യുവിന്‍. അവന്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. മതത്തില്‍ നിങ്ങള്‍ക്ക് ഒരു ക്ളിഷ്ടതയും ഉണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവ് ഇബ്റാഹീമിന്റെ മാര്‍ഗം പിന്തുടരുക' (ഖുര്‍ആന്‍ 22:77-78). പ്രവാചക•ാരുടെ പിതാമഹന്‍ അബ്രഹാമിന്റെ വഴി തീര്‍ത്തും സമാധാനത്തിന്റേയും പലായനത്തിന്റേതുമായിരുന്നു. അതിലൂടെ ചലിക്കാനും പൊരുതാനുമാണ് മുഹമ്മദ് നബിയോടും അനുചര•ാരോടുമുള്ള അല്ലാഹുവിന്റെ ആഹ്വാനം.

ധനം ദൈവമാര്‍ഗത്തില്‍ വ്യയംചെയ്യുന്നതും ജിഹാദിന്റെ ഭാഗമായി ഖുര്‍ആന്‍ കണക്കാക്കുന്നു. വിശ്വാസികളെ വേദനാജനകമായ ശിക്ഷയില്‍നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരട്ടെയോ. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം കൊണ്ടും ശരീരം കൊണ്ടും ജിഹാദ് ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ക്ക് അറിയാമെങ്കില്‍ (ഖുര്‍ആന്‍ 61:10,11).

ഒരാള്‍ പ്രവാചകനോട് ചോദിച്ചു: ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് എന്താണ്? തിരുദൂതര്‍ പറഞ്ഞു: അക്രമിയായ ഭരണാധികാരിയുടെ മുമ്പാകെ സത്യം പറയലാണ്.

തി•യുടെ പ്രതിരോധം ന•കൊണ്ടായിരിക്കണം എന്നാണ് ഖുര്‍ആന്റെ ഉദ്ബോധനം. 'ന•യും തി•യും സമമാവുകയില്ല. ഏറ്റവും ഉല്‍കൃഷ്ടമായത്കൊണ്ട് നീ പ്രതിരോധിക്കുക. എങ്കില്‍ നിനക്കും ആര്‍ക്കുമിടയിലാണോ ശത്രുത അയാള്‍ ആത്മമിത്രം പോലെയായിത്തീരും. ക്ഷമിച്ചവര്‍ക്കല്ലാതെ അത് കൈവരിക്കാനാവില്ല. മഹാസൌഭാഗ്യവാനല്ലാതെ അത് കരഗതമാവുകയില്ല.' (41: 34, 35) ചിലപ്പോള്‍ തി•യെ തി•യെ ക്കൊണ്ട് തന്നെ പ്രതിരോധിക്കേണ്ട ഘട്ടം ജീവിതത്തിലുണ്ടാവാം. അപ്പോഴും വിട്ടുവീഴ്ചയാണ് അഭികാമ്യമെന്നാണ് അല്ലാഹുവിന്റെ ശാസന 'തിന്‍മയുടെ പ്രതിഫലം തുല്യമായ തിന്‍മയാകുന്നു.' എന്നാല്‍ വല്ലവരും മാപ്പാക്കുകയും രമ്യതയിലെത്തുകയും ചെയ്താല്‍ അവന്റെ പ്രതിഫലം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. നിശ്ചയമായും അക്രമികളെ അവന്‍ ഇഷ്ടപ്പെടുന്നില്ല. (ഖുര്‍ആന്‍ 42: 40)

സഹനസമരം നിഷ്ഫലമാവുകയും ആക്രമണത്തെ സായുധ പ്രതിരോധത്തിലൂടെയല്ലാതെ തുരത്താനാവുകയില്ലെന്ന് ബോധ്യമാവുകയും ചെയ്താല്‍ വിശ്വാസികളുടെ വ്യവസ്ഥാപിതസമൂഹത്തിന് യോഗ്യനായ നേതാവിന്റെ കീഴില്‍ സായുധചെറുത്തുനില്‍പ്പ് അനുപേക്ഷ്യമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. അക്രമത്തിനും അനീതിക്കും അധിനിവേശത്തിനും മുമ്പില്‍ കീഴടങ്ങണമെന്ന ഒരു ശാഠ്യവും ഇസ്ലാമിലില്ലെന്ന് മാത്രമല്ല സത്യത്തിനും നീതിക്കും വേണ്ടിയുള്ളപോരാട്ടത്തില്‍ ജീവഹാനിനേരിട്ടാല്‍ അത് ശ്രേഷ്ഠമായ രക്തസാക്ഷിത്വമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ജിഹാദിന്റെ അന്തിമവും സര്‍വോല്‍കൃഷ്ടവുമായ ഘട്ടമാകുന്നു അത്.

യുദ്ധം ചെയ്യപ്പെടുന്നവര്‍ക്ക് (പ്രതിരോധത്തിന്) അനുമതിനല്‍ക പ്പെട്ടിരിക്കുന്നു. അവര്‍ ആക്രമിക്കപ്പെട്ടത്കൊണ്ടാണത്. നിശ്ചയമായും അവരെ സഹായിക്കാന്‍ അല്ലാഹു ശക്തനത്രെ. സ്വന്തം ഭവനങ്ങളില്‍നിന്ന് അന്യായമായി പുറംതള്ളപ്പെട്ടവരാണവര്‍. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പറഞ്ഞതല്ലാതെ ഒരു കുററവും അവര്‍ക്കില്ല. ജനങ്ങളില്‍ ചിലരെക്കൊണ്ട് ചിലരെ അല്ലാഹു പ്രതിരോധിച്ചില്ലെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ത്ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. അല്ലാഹുവിനെ സഹായിക്കുന്നവരെ അവന്‍ സഹായിക്കുക തന്നെ ചെയ്യും. നിശ്ചയം അല്ലാഹു ശക്തനും പ്രതാപവാനുമാണ് (ഖുര്‍ആന്‍ 22: 39,40)

ഇസ്ലാമിന്റെ യുദ്ധലക്ഷ്യം ഈ സൂക്തങ്ങളിലൂടെ സ്പഷ്ടാമാകുന്നു. അധിനിവേശത്തിനെതിരായ സായുധ പ്രതിരോധം, മതസ്വാതന്ത്യ്രത്തിന്റെയും ആരാധനാലയങ്ങളുടെയും സംരക്ഷണം എന്നീ കാര്യങ്ങള്‍ക്കാവണം യുദ്ധം. മറിച്ച് സമ്പത്തിനോ പ്രശസ്തിക്കോ സ്ഥാനമാനങ്ങള്‍ക്കോ ധീരരെന്ന ബഹുമതിക്കോ വര്‍ഗീയതക്കോ വേണ്ടി ചെയ്യുന്നയുദ്ധം ജിഹാദ് അല്ലെന്നും അല്ലാഹുവിന്റെ സത്യവാക്യം ഉയര്‍ത്തിപ്പിടിക്കാനായി പോരാടിയാല്‍ അത് മാത്രമാണ് ദൈവമാര്‍ഗത്തിലെ ധര്‍മസമരമെന്നും പ്രവാചകന്‍ വ്യക്തമാക്കുകയുണ്ടായി. ശത്രുക്കള്‍ യുദ്ധം നിര്‍ത്തി സമാധാന ഉടമ്പടിക്ക് തയാറായാല്‍ അതിന് വഴങ്ങണമെന്നതും ഖുര്‍ആനിന്റെ കല്പനയാണ്. (8: 61)

അഭിപ്രായങ്ങളൊന്നുമില്ല: